രഞ്ജി ട്രോഫി: കേരളത്തെ സച്ചിന്‍ ബേബി നയിക്കും, സാധ്യതാ ടീമില്‍ ശ്രീശാന്തും

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കി
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം

തിരുവനന്തപുരം: രഞ്ജി ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി കേരളത്തെ നയിക്കും. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റന്‍. 

എസ് ശ്രീശാന്തും ടീമില്‍ ഇടം നേടി. പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്ന റോബിന്‍ ഉത്തപ്പ ടീമിലില്ല. സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും സഞ്ജു സാംസണ്‍ ആയിരുന്നു കേരളത്തെ നയിച്ചത്. രണ്ട് ടൂര്‍ണമെന്റിലും കേരളം ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍.

എട്ട് വര്‍ഷത്തിന് ശേഷം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാന്‍ ശ്രീശാന്ത് 

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനെത്തുന്നത്. 2013ലാണ് ശ്രീശാന്ത് അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. ആജിവനാന്ത വിലക്ക് പിന്‍വലിച്ചതോടെ തിരിച്ചെത്തിയ ശ്രീശാന്ത് കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീമിലും സയിദ് മുഷ്താഖ് അലി ടീമിലും ഇടംപിടിച്ചിരുന്നു. 

രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. ബംഗാള്‍, വിദര്‍ഭ,രാജസ്ഥാന്‍, ഹരിയാന, ത്രിപുര എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്. ബംഗളൂരുവിലായിരിക്കും കേരളത്തിന്റെ മത്സരങ്ങള്‍. ജനുവരി 13നാണ് ആദ്യ മത്സരം.

കേരളത്തിന്റെ സാധ്യതാ ടീം: സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ആനന്ദ് കൃഷ്ണന്‍, റോഹന്‍ കുന്നുമ്മേല്‍, വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സിജിമോന്‍ ജോസഫ്, അക്ഷയ് കെസി, മിഥുന്‍ എസ്, ബെസില്‍ എന്‍പി, നിധീഷ് എംഡി, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ഫനൂസ് എഫ്, എസ് ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുന്‍ നയനാര്‍, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, അരുണ്‍ എം, വൈശാഖ് ചന്ദ്രന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com