ഹര്‍ദിക്കിന് പകരം റിഷി ധവാന്‍? വെങ്കടേഷ് അയ്യര്‍ക്കൊപ്പം ഏകദിന ടീമില്‍ ഇടംപിടിച്ചേക്കും

ഹര്‍ദിക് പാണ്ഡ്യക്ക് പകരം താരത്തെ തിരയുന്ന ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഓള്‍ റൗണ്ടര്‍ റിഷി ധവാനെ ഉള്‍പ്പെടുത്തിയേക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തെ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. പരിക്കില്‍ നിന്ന് മുക്തനായി രോഹിത് ശര്‍മയ്ക്ക് ടീമിലേക്ക് മടങ്ങിയെത്താനാവുമോ എന്ന ആശങ്ക ഇന്ത്യക്ക് മുന്‍പിലുണ്ട്. 

ഹര്‍ദിക് പാണ്ഡ്യക്ക് പകരം താരത്തെ തിരയുന്ന ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഓള്‍ റൗണ്ടര്‍ റിഷി ധവാനെ ഉള്‍പ്പെടുത്തിയേക്കും. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിന് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും റിഷി തിളങ്ങി. ഇതോടെ വെങ്കടേഷ് അയ്യര്‍ക്കൊപ്പം ഓള്‍റൗണ്ടറായി റിഷിയും ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടിയേക്കും. 

ഹിമാചല്‍ പ്രദേശിന്റെ നായകന്‍

തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഹിമാചല്‍ വിജയ് ഹസാരെയില്‍ കിരീടം ചൂടിയപ്പോള്‍ നായകനും റിഷി ആയിരുന്നു. ഒരു സീസണില്‍ റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും ആദ്യ അഞ്ചില്‍ എത്തുന്ന ആദ്യ താരവുമാണ് റിഷി. എട്ട് കളിയില്‍ നിന്ന് 458 റണ്‍സ് ആണ് റിഷി സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 76.33. 

91 റണ്‍സ് ആണ് വിജയ് ഹസാരെയിലെ റിഷിയുടെ ഉയര്‍ന്ന സ്‌കോര്‍. 17 വിക്കറ്റും എട്ട് കളിയില്‍ നിന്ന് വീഴ്ത്തി. 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. വിജയ് ഹസാരെയില്‍ 6 കളിയില്‍ നിന്ന് 379 റണ്‍സ് ആണ് വെങ്കടേഷ് അയ്യര്‍ നേടിയത്. 9 വിക്കറ്റും ടൂര്‍ണമെന്റില്‍ വെങ്കടേഷ് വീഴ്ത്തി. 

2016ല്‍ റിഷി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു

2016ല്‍ റിഷി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ റിഷി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചു. എന്നാല്‍ ഇതിന് ശേഷം ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും റിഷിക്ക് വലിയ പരിഗണന ലഭിച്ചില്ല. ഇന്ത്യക്കായി കളിച്ച മൂന്ന് ഏകദിനത്തില്‍ നിന്ന് 12 റണ്‍സും ഒരു വിക്കറ്റുമാണ് റിഷിയുടെ അക്കൗണ്ടിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com