അഞ്ചാം ദിനം തുടക്കത്തിലേ പ്രഹരം; ചേതേശ്വര്‍ പൂജാര മടങ്ങി; പതറാതെ ശുഭ്മാന്‍ ഗില്‍

അഞ്ചാം ദിനം കളി തുടങ്ങി ഏഴാമത്തെ ഓവറില്‍ ചേതേശ്വര്‍ പൂജാരയെ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ 58-2ലേക്ക് ഇന്ത്യ വീണു
ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്‌റ്റോക്ക്‌സ്/ഫോട്ടോ: പിടിഐ
ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്‌റ്റോക്ക്‌സ്/ഫോട്ടോ: പിടിഐ

ചെന്നൈ: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റിന്റെ അവസാന ദിനം തുടക്കത്തിലെ ഇന്ത്യക്ക് തിരിച്ചടി. അഞ്ചാം ദിനം കളി തുടങ്ങി ഏഴാമത്തെ ഓവറില്‍ ചേതേശ്വര്‍ പൂജാരയെ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ 58-2ലേക്ക് ഇന്ത്യ വീണു. 

35 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് നില്‍ക്കെ ലീച്ച് ആണ് പൂജാരയെ ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്‌സിന്റെ കൈകളില്‍ എത്തിച്ച് മടക്കിയത്. ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം പിന്നിട്ടു. 81 പന്തില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയാണ് ഗില്‍ 50 കടന്നത്.  നിലവില്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ക്രീസില്‍ നില്‍ക്കുന്നത്. സമനിലയിലേക്ക് കളി എത്തിക്കാന്‍ 77 ഓവര്‍ കൂടി ഇന്ത്യക്ക് ഇനി പിടിച്ചു നില്‍ക്കണം. ജയിക്കാനാണെങ്കില്‍ വേണ്ടത് 328 റണ്‍സ് കൂടി. 

420 റണ്‍സ് ആണ് ഇന്ത്യക്ക് മുന്‍പില്‍ ഇംഗ്ലണ്ട് വിജയ ലക്ഷ്യം വെച്ചത്. റെക്കോര്‍ഡ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് നാലാം ദിനം തന്നെ രോഹിത്തിനെ ലീച്ച് മനോഹരമായ ഡെലിവറിയിലൂടെ മടക്കിയിരുന്നു. 12 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും രോഹിത് പരാജയപ്പെട്ടിരുന്നു. 

അഞ്ചാം ദിനം ലഭിക്കുന്ന തുടക്കത്തെ ആശ്രയിച്ച് ഇരിക്കും ജയത്തിലേക്കാണോ സമനിലയിലേക്കാണോ ഇന്ത്യ ബാറ്റ് വീശുക എന്നത്. പൂജാരയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പോസിറ്റീവ് ക്രിക്കറ്റുമായി ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് തുടരുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com