5 പന്തില്‍ ഡക്ക്, കോഹ്‌ലിയെ ടെസ്റ്റില്‍ പൂജ്യത്തിന് മടക്കുന്ന ആദ്യ സ്പിന്നറായി മൊയിന്‍ അലി 

ആദ്യമായി സ്പിന്നറുടെ മുന്‍പില്‍ ഡക്കായി പുറത്തായതിനൊപ്പം, ആദ്യമായി തുടരെ രണ്ട് ഇന്നിങ്‌സില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയും ചെയ്തിരിക്കുകയാണ് കോഹ്‌ലി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

ചെന്നൈ: പൂജ്യത്തിന് വിരാട് കോഹ്‌ലി പുറത്താവുന്നത് വിരളമായി മാത്രം ക്രിക്കറ്റ് ലോകത്തിന് മുന്‍പിലേക്ക് എത്തുന്നതാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 5 പന്തില്‍ ഡക്കായാണ് കോഹ്‌ലി മടങ്ങിയത്. അതോടെ ടെസ്റ്റില്‍ കോഹ് ലിയെ ആദ്യമായി പൂജ്യത്തിന് പുറത്താക്കുന്ന സ്പിന്നര്‍ എന്ന നേട്ടം മൊയിന്‍ അലിക്ക് സ്വന്തമായി. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ മൊയിന്‍ അലിയുടെ റിപ്പറില്‍ ഡ്രൈവ് ചെയ്യാനായിരുന്നു കോഹ് ലിയുടെ ശ്രമം. എന്നാല്‍ തിരിഞ്ഞ് എത്തിയ പന്ത് ഇന്‍സൈഡ് എഡ്ജ് ആയി ബെയില്‍സ് ഇളക്കി. കോഹ് ലിക്ക് പോലും ഇത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് കൊണ്ടാണോ ഗ്ലൗസ് ഇളകിയത് എന്ന സംശയവും തീര്‍ത്താണ് ഇന്ത്യന്‍ നായകന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. 

പത്ത് തവണയാണ് ഇതിന് മുന്‍പ് കോഹ് ലി ടെസ്റ്റില്‍ ഡക്കായി പുറത്തായത്. ആ പത്തും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെയായിരുന്നു. രവി രാംപോള്‍, ബെന്‍ ഹില്‍ഫെന്‍ഹസ്, പ്ലങ്കറ്റ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, മിച്ചല്‍ സ്റ്റാര്‍ക്, സരംഗ ലക്മല്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, കമിന്‍സ്, കെമാര്‍ റോച്ച്, അബി ജാവേദ് എന്നിവരാണ് ഇതിന് മുന്‍പ് രോഹിത്തിനെ പൂജ്യത്തിന് പുറത്താക്കിയവര്‍. 

ആദ്യമായി സ്പിന്നറുടെ മുന്‍പില്‍ ഡക്കായി പുറത്തായതിനൊപ്പം, ആദ്യമായി തുടരെ രണ്ട് ഇന്നിങ്‌സില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയും ചെയ്തിരിക്കുകയാണ് കോഹ്‌ലി. മൂന്ന് ഫോര്‍മാറ്റിലുമായി 26 വട്ടമാണ് കോഹ് ലി ഡക്കായിട്ടുള്ളത്. രണ്ടക്കം കടക്കുന്നതിന് മുന്‍പ് കോഹ് ലിയെ ഇതിന് മുന്‍പ് പുറത്താക്കിയിരിക്കുന്ന ഒരേയൊരു സ്പിന്നര്‍ ലങ്കയുടെ തരിന്ദു കൗശലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com