32 വര്‍ഷമായി ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗബ്ബയില്‍ ഇന്ത്യയുടെ വീരേതിഹാസം

അര ടീമുമായി രഹാനെ പിടിച്ചെടുത്ത ജയം. ചെറുത്ത് നിന്ന് ചെറുത്ത് നിന്ന് ഇന്ത്യ നടന്നു കയറിയ ജയം
ടീം ഇന്ത്യയുടെ ആഹ്ലാദ പ്രകടനം, ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
ടീം ഇന്ത്യയുടെ ആഹ്ലാദ പ്രകടനം, ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം

ബ്രിസ്‌ബെയ്ന്‍: 32 വര്‍ഷമായി ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗബ്ബ, ആദ്യ ടെസ്റ്റില്‍ 36ല്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ. പരമ്പരയിലെ അവസാന ടെസ്റ്റില്‍ റിഷഭ് പന്ത് ഇന്ത്യയെ ജയിപ്പിച്ച് കയറ്റുമ്പോള്‍ അതൊരു ഒരൊന്നൊന്നര വീറുറ്റ ജയമാണ്...അര ടീമുമായി രഹാനെ പിടിച്ചെടുത്ത ജയം. ചെറുത്ത് നിന്ന് ചെറുത്ത് നിന്ന് ഇന്ത്യ നടന്നു കയറിയ ജയം.  ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ഇന്ത്യ. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ജയവുമായി പരമ്പര 2-1ന് ഇന്ത്യക്ക്

കോഹ്‌ലി ഇല്ലാത്ത ഇന്ത്യയെ 4-0ന് പറ പറത്തുമെന്ന് പ്രവചിച്ചവരെ ഉള്‍പ്പെടെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം മുള്‍ മുനയില്‍ നിര്‍ത്തി ഇന്ത്യ മറുപടി നല്‍കി. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിങ്ങനെ ഒരു പിടി ഹീറോകളുണ്ടായി മെല്‍ബണിലും, സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലും ഇന്ത്യക്ക്.

അഡ്‌ലെയ്ഡിലെ വീഴ്ചയില്‍ നിന്നും തിരികെ കയറുക എളുപ്പമായിരുന്നില്ല. രഹാനെയുടെ നായകത്വവും മെല്‍ബണിലെ സെഞ്ചുറിയും ടീമിനെ തല ഉയര്‍ത്തി നില്‍ക്കാന്‍ തുണച്ചു. തിരിച്ചടികള്‍ അവിടേയും അവസാനിച്ചില്ല. മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍, വിഹാരി, ബൂമ്ര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ വന്നിട്ടും പതറി വീഴാതെ ഇന്ത്യ ചെറുത്ത് നില്‍പ്പിന്റെ ചരിത്രമെഴുതി.

സിഡ്‌നിയില്‍ ജയിത്തിലേക്ക് തുഴയവെ പാതി വഴിയില്‍ വീണെങ്കിലും ബ്രിസ്‌ബെയ്‌നില്‍ അത് ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പിച്ചു റിഷഭ് പന്ത്. ജയത്തോട് അടുക്കവെ വാഷിങ്ടണ്‍ സന്ദര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും ജയം നഷ്ടപ്പെടുന്നില്ലെന്ന് റിഷഭ് പന്ത് ഉറപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com