'ഐപിഎല്‍ മാത്രം മതിയെന്നാണ് ഇന്ത്യയുടെ ചിന്ത', വിമര്‍ശനവുമായി വസീം അക്രം 

രാജ്യാന്തര പരമ്പരകളെ ഇന്ത്യ ഗൗരവമായി എടുക്കുന്നില്ല. ഐപിഎല്‍ കളിക്കുന്നത് മാത്രം മതി എന്നാണ് അവരുടെ വിശ്വാസം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐപിഎല്‍ മാത്രം മതി എന്ന ചിന്തയാണ് ഇന്ത്യക്കെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ വസീം അക്രം. എല്ലാ പ്രധാന താരങ്ങളേയും ഉള്‍പ്പെടുത്തി ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് കളിച്ചത് മാര്‍ച്ചിലാണെന്ന് അക്രം ചൂണ്ടിക്കാണിക്കുന്നു. 

രാജ്യാന്തര പരമ്പരകളെ ഇന്ത്യ ഗൗരവമായി എടുക്കുന്നില്ല. ഐപിഎല്‍ കളിക്കുന്നത് മാത്രം മതി എന്നാണ് അവരുടെ വിശ്വാസം. ട്വന്റി20 ലീഗുകളില്‍ കളിക്കുമ്പോള്‍ ഒന്നോ രണ്ടോ മികച്ച ബൗളര്‍മാരെയാണ് നേരിടേണ്ടി വരിക. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ മികച്ച അഞ്ച് ബൗളര്‍മാരെ നേരിടേണ്ടി വരുന്നു. വസീം അക്രം ചൂണ്ടിക്കാണിച്ചു. 

രോഹിത്തിനെ മൂന്നാമനാക്കിയത് നിരാശപ്പെടുത്തി 

ഇന്ത്യ-ന്യൂസിലാന്‍ഡ് കളി ഏകപക്ഷീയമായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് നിരവധി പിഴവുകള്‍ വന്നു. ടോസ് നഷ്ടപ്പെട്ടതോടെ തന്നെ മാനസികമായി അവര്‍ പിന്നിലായി. നിര്‍ണായക മത്സരത്തില്‍ ഇവിടെ രോഹിത് ശര്‍മയെ മൂന്നാമനാക്കി ഇറക്കിയതും നിരാശയായി. ടി20യില്‍ ഇന്ത്യക്കായി നാല് സെഞ്ചുറികള്‍ നേടിയ താരമാണ് രോഹിത്. ഇഷാന്‍ കിഷനെ മൂന്നാം സ്ഥാനത്ത് ഇറക്കാമായിരുന്നു, വസീം അക്രം പറഞ്ഞു. 

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിന് എതിരെയാണ് ഇന്ത്യ ട്വന്റി20 കളിച്ചത്. ശ്രീലങ്കയില്‍ ട്വന്റി20 പരമ്പര കളിച്ചത് ബി ടീമായിരുന്നു. എന്നാല്‍ ഐപിഎല്‍ കളിച്ച് എത്തുന്ന ധൈര്യത്തിലായിരുന്നു ഇന്ത്യ. പക്ഷേ ടീം സെറ്റാവാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ലോകകപ്പ് സെമി സാധ്യതകള്‍ ഇന്ത്യക്ക് മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ച് കഴിഞ്ഞാലും മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ചാണ് ഇന്ത്യയുടെ ഭാവി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com