വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തകര്‍പ്പന്‍ ക്യാച്ചുമായി രവീന്ദ്ര ജഡേജ, നിഷേധിച്ച് തേഡ് അമ്പയര്‍; ഔട്ട് എന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്‌

അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ച കളിയില്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്ന ക്യാച്ച് ശ്രമമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച

അബുദാബി: അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ച കളിയില്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്ന ക്യാച്ച് ശ്രമമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. തേര്‍ഡ് അമ്പയര്‍ അവിടെ ഇന്ത്യക്ക് അനുകൂലമായി വിധിച്ചിരുന്നു എങ്കില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചായി ജഡേജയുടേത് മാറിയാനെ. 

എന്നാല്‍ ഇവിടെ തേര്‍ഡ് അമ്പയറുടെ തീരുമാനം തെറ്റായിരുന്നു എന്ന വാദമാണ് ശക്തമാവുന്നത്. സാം ബില്ലിങ്‌സ്, ഡെയ്ല്‍ സ്റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് ഉള്‍പ്പെടെയുള്ളവര്‍ അത് ഔട്ട് ആയിരുന്നു എന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഫ്ഗാന്‍ ഇന്നിങ്‌സിലെ 19ാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയിലാണ് രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച് എത്തിയത്. 

കരീം ജനത് ഉയര്‍ത്തി അടിച്ച പന്ത് ഡൈവ് ചെയ്ത് ജഡേജ കൈക്കലാക്കി. ഔട്ട് എന്നായിരുന്നു ഓണ്‍ ഫീല്‍ഡ് അമ്പയറുടെ വിധി. എന്നാല്‍ റിവ്യുയില്‍ നോട്ട്ഔട്ട് വിധിച്ചു. എന്നാല്‍ ടിവി റീപ്ലേകളില്‍ ക്ലീന്‍ ക്യാച്ച് ആണ് ജഡേജ എടുത്തത് എന്ന് വ്യക്തമായിരുന്നു. 

അഫ്ഗാനിസ്ഥാന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 211 റണ്‍സ് ആണ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചത്. 140 റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ കണ്ടെത്തി. കെ എല്‍ രാഹുല്‍ 69 റണ്‍സും രോഹിത് 74 റണ്‍സും നേടി. 13 പന്തില്‍ നിന്ന് 27 റണ്‍സ് എടുത്ത് പന്തും 13 പന്തില്‍ നിന്ന് 35 റണ്‍സ് എടുത്ത് ഹര്‍ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ 200ന് മുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ എത്തി. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ അഫ്ഗാന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മുഹമ്മദ് നബി 35 റണ്‍സും കരിം ജനത്ത് 42 റണ്‍സും നേടി. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് അഫ്ഗാന് കണ്ടെത്താന്‍ കഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com