സ്‌കോട്‌ലന്‍ഡിനെ എറിഞ്ഞിട്ടു; ഷമിക്കും ജഡേജക്കും മൂന്ന് വിക്കറ്റ്‌; ഇന്ത്യക്ക് 86 റൺസ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 86 റൺസ് വിജയലക്ഷ്യം
വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ കളിക്കാരുടെ ആഹ്ലാദം/   courtesy: T20 World Cup Twitter
വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ കളിക്കാരുടെ ആഹ്ലാദം/ courtesy: T20 World Cup Twitter

ദുബായ്: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 86 റൺസ് വിജയലക്ഷ്യം.  ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് സ്കോട്ടലൻഡിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 

 മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് സ്കോട്‌ലൻഡിന്റേത്. 2012 ലോകകപ്പിൽ കൊളംബോയിൽ വെറും 80 റൺസിനു പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്കോറിന്റെ നാണക്കേട്. 2014 ലോകകപ്പിൽ മിർപുരിൽ 86 റൺസിനു പുറത്തായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തായി.

ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ നെറ്റ് റൺറേറ്റ് മറികടന്ന് മുന്നിൽക്കയറാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കണം. ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ 8.5 ഓവറിലും വിജയലക്ഷ്യം മറികടക്കണം. നെറ്റ് റൺറേറ്റിൽ +1നു മുകളിൽ നിലനിർത്താൻ കുറഞ്ഞത് 11.2 ഓവറിൽ ജയിക്കണം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ കൃത്യം വിജയലക്ഷ്യമായ 86 റൺസ് നേടിയാലുള്ള കണക്കാണിത്. അതിലും കൂടുതൽ റൺസ് നേടിയാൽ കണക്കിൽ വ്യത്യാസം വരും.

സ്കോട്‌ലൻഡ് ബോളർ‌മാരെ ക്രീസിൽ നിർത്തിപ്പൊരിച്ച ജസ്പ്രീത് ബുമ്ര 3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിൻ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ ബോളർമാരിൽ ശരാശരി ആറു റൺസിനു മുകളിൽ റൺസ് വഴങ്ങിയ ഏക ബോളറും അശ്വിൻ തന്നെ.

ജോർജ് മുൻസിക്കു പുറമേ സ്കോട്‌ലൻഡ് നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. 28 പന്തിൽ 16 റൺസെടുത്ത കല്ലം മക്‌ലിയോദ്, 12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21 റൺസെടുത്ത മൈക്കൽ ലീസ്ക്, 13 പന്തിൽ രണ്ടു ഫോറുകളോടെ 14 റൺസെടുത്ത മാർക്ക് വാട്ട് എന്നിവരാണ് രണ്ടക്കം കണ്ടത്.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ശാര്‍ദുല്‍ ഠാക്കൂറിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലിടം നേടി. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com