കലാശപ്പോരില്‍ കിവീസിനൊപ്പം കൊമ്പുകോര്‍ക്കാന്‍ ആര്? ഫൈനലില്‍ കണ്ണുവെച്ച് പാകിസ്ഥാനും ഓസ്‌ട്രേലിയയും 

ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ ഇന്ന് പാകിസ്ഥാനെ ഓസ്‌ട്രേലിയ നേരിടും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ ഇന്ന് പാകിസ്ഥാനെ ഓസ്‌ട്രേലിയ നേരിടും. ആദ്യ സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടി ന്യൂസിലാന്‍ഡ് ഫൈനല്‍ ടിക്കറ്റ് നേടിയിരുന്നു. 

സെമിക്ക് മുന്‍പ് പാകിസ്ഥാന്‍ ക്യാമ്പില്‍ ആശങ്ക ഉടലെടുത്തിട്ടുണ്ട്. മുഹമ്മദ് റിസ്വാനും മാലിക്കും ബുധനാഴ്ച വൈകുന്നേരം പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നില്ല. പനിയുടെ ലക്ഷണങ്ങളെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഇവര്‍ക്ക് കളിക്കാനാവും എന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ മാറ്റമില്ലാത്ത ഇലവനുമായിട്ടാവും പാകിസ്ഥാന്‍ സെമിയും കളിക്കുക. 

പവര്‍പ്ലേയിലെ പാകിസ്ഥാന്റെ ശക്തി 

ടൂര്‍ണമെന്റിലെ 30 പവര്‍പ്ലേ ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രമാണ് പാകിസ്ഥാന് നഷ്ടമായത്. ആദ്യം പതുക്കെ തുടങ്ങി അടിത്തറയിട്ടാണ് പാകിസ്ഥാന്റെ ഓപ്പണര്‍മാരുടെ കളി. ജോഷ് ഹെയ്‌സല്‍വുഡും ആദം സാംപയുമാണ് ഓസീസ് നിരയില്‍ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രധാനമായും ഭീഷണി ആവുക. ഷഹീന്‍ അഫ്രീദിയേയും ഇമാദ് വസീമിനേയും ആയിരിക്കും ഓസീസ് ഓപ്പണിങ് സഖ്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുക. 

ദുബായിലെ പിച്ച്

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകളെ ദുബായിലെ പിച്ച് തുണയ്ക്കുന്നതാണ് ടി20 ലോകകപ്പില്‍ കണ്ടത്. 122 റണ്‍സ് ആണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. രണ്ടാമത് ഫീല്‍ഡ് ചെയ്യേണ്ടി വരുമ്പോള്‍ വിജയ ലക്ഷ്യം പ്രതിരോധിക്കുക എന്നത് വലിയ വെല്ലുവിളിയാവുന്നു. 

എന്നാല്‍ തങ്ങളുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളിലും രണ്ടാമതാണ് പാകിസ്ഥാന്‍ ബാറ്റ് ചെയ്തത്. രണ്ടാമത് ബൗള്‍ ചെയ്യുന്നതിലെ കരുത്തിന്റെ ബലത്തിലാവുമോ ടോസ് ജയിച്ചാല്‍ പാകിസ്ഥാന്‍ തീരുമാനം എടുക്കുക എന്നും കണ്ടറിയണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com