ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 'സൂര്യപ്രഭ'; 6 വിക്കറ്റ് വിജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യട്വന്റി 20യില്‍ ഇന്ത്യക്ക് വിജയം
രോഹിത് ശര്‍മ
രോഹിത് ശര്‍മ

ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യട്വന്റി 20യില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. സൂര്യകുമാര്‍ യാദവ് ആണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 36 പന്തുകളില്‍ നിന്ന് 48 റണ്‍സ് നേടി. ഓപ്പണര്‍ കെഎല്‍ രാഹുല്‍  15 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും ബാറ്റിങാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഒരുവേള കൂറ്റന്‍ സ്‌കോറിലേക്കെന്ന തോന്നലുയര്‍ത്തിയ ന്യൂസീലന്‍ഡിനെ, അവസാന ഓവറുകളിലെ അച്ചടക്കമുള്ള ബോളിങ്ങിലൂടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ട്വന്റി20 ലോകകപ്പ് ഹീറോ ഡാരില്‍ മിച്ചലിന്റെ വിക്കറ്റ് നഷ്ടമായ ന്യൂസീലന്‍ഡിന്, രണ്ടാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍  മാര്‍ക്ക് ചാപ്മാന്‍ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്കെത്താന്‍ അടിസ്ഥാനമായത്. രണ്ടാം വിക്കറ്റില്‍ വെറും 77 പന്തില്‍നിന്ന് ഇരുവരും കിവീസ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചത് 109 റണ്‍സ്.

ട്വന്റി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഏതൊരു വിക്കറ്റിലുമായി ന്യൂസീലന്‍ഡിന്റെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2017ല്‍ രാജ്‌കോട്ടില്‍ 105 റണ്‍സ് അടിച്ചുകൂട്ടിയ കോളിന്‍ മണ്‍റോ  മാര്‍ട്ടിന്‍ ഗപ്റ്റില്‍ സഖ്യത്തിന്റെ റെക്കോര്‍ഡാണ് ഇവര്‍ക്കു മുന്നില്‍ വഴിമാറിയത്. ഡാരില്‍ മിച്ചല്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0), ടിം സീഫര്‍ട്ട് (12), രചിന്‍ രവീന്ദ്ര (7) എന്നിവരാണ് പുറത്തായ മറ്റ് കിവീസ് താരങ്ങള്‍. മിച്ചല്‍ സാന്റ്‌നര്‍ (4), ടിം സൗത്തി (0) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി. മുഹമ്മദ് സിറാജ് നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com