'രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രം, പെയ്‌നിന്റെ രാജി തെറ്റായ തീരുമാനം'; പിന്തുണച്ച് ഓസീസ്‌ കളിക്കാരുടെ സംഘടന

ടിം പെയ്ന്‍ ഈ വിഷയത്തില്‍ രാജി വയ്‌ക്കേണ്ടതുണ്ടായില്ല എന്നാണ് അസോസിയേഷന്‍ പ്രതികരിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം ടിം പെയ്‌നിനെ പ്രതിരോധിച്ച് ഓസീസ് കളിക്കാരുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍. ടിം പെയ്ന്‍ ഈ വിഷയത്തില്‍ രാജി വയ്‌ക്കേണ്ടതുണ്ടായില്ല എന്നാണ് അസോസിയേഷന്‍ പ്രതികരിച്ചത്. 

ടിം പെയ്‌നിന്റെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്‌ക്കേണ്ട തീരുമാനത്തിലേക്ക് പെയ്ന്‍ എത്തിയതില്‍ ദുഖമുണ്ട്. രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയമാണ് ഇത്. രണ്ട് വ്യക്തികളുടെ പരസ്പര സമ്മതത്തോടെ നടന്നത്. അതില്‍ രാജി വയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ തെറ്റാണ്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു. 

2018ല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തോട് പെയ്ന്‍ പൂര്‍ണമായും സഹകരിച്ചു. അന്ന് പെയ്‌നിനെ കുറ്റവിമുക്തനാക്കുകയും ചെയ്തതാണ്. പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ഓസ്‌ട്രേലിയന്‍ ടീമിനെ ആത്മവിശ്വാസത്തിലേക്ക് എത്തിച്ചത് പെയ്‌നിന്റെ നായകത്വമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. 

നാല് വര്‍ഷം മുന്‍പ് സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും ലൈംഗീക ചുവയുള്ള സന്ദേശങ്ങളും അയച്ചതായാണ് പെയ്‌നിന് നേരെ ഉയര്‍ന്ന ആരോപണം. വിഷയം വീണ്ടും ചര്‍ച്ചയായതോടെ പെയ്ന്‍ നായക സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചു. ആഷസ് തൊട്ടുമുന്‍പില്‍ നില്‍ക്കെയാണ് പെയ്‌നിന്റെ രാജി പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com