സോള്‍ഷെയറിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്? വാറ്റ്‌ഫോര്‍ഡിനെതിരേയും നാണം കെട്ടതോടെ തീരുമാനം 

പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ ഏഴ് കളിയില്‍ നിന്ന് സോള്‍ഷെയറിന്റെ അഞ്ചാമത്തെ തോല്‍വിയാണ് ഇത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെതിരെ 4-1ന് നാണംകെട്ടതിന് പിന്നാലെ സോള്‍ഷെയറിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ ഏഴ് കളിയില്‍ നിന്ന് സോള്‍ഷെയറിന്റെ അഞ്ചാമത്തെ തോല്‍വിയാണ് ഇത്. വാറ്റ്‌ഫോര്‍ഡിന് എതിരായ തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്നതായും സോള്‍ഷെയറിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. 

സോള്‍ഷെയറിനെ പുറത്താക്കിയതായി മാധ്യമങ്ങള്‍ 

ദി ടൈംസ്, ദി ഗാര്‍ഡിയന്‍, മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ സോള്‍ഷെയറിനെ പുറത്താക്കിയതായി പറയുന്നു. മൂന്ന് വര്‍ഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സോള്‍ഷെയര്‍ പരിശീലിപ്പിച്ചത്. ജൂലൈയില്‍ മൂന്ന് വര്‍ഷത്തെ പുതിയ കരാര്‍ സോള്‍ഷെയറുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒപ്പിട്ടിരുന്നു. ഇതോടെ 7.5 മില്യണ്‍ പൗണ്ട് സോള്‍ഷെയറിന് നഷ്ടപരിഹാരമായി യുനൈറ്റഡ് നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്. 

മാഞ്ചസ്റ്റര്‍ സിറ്റിയോടും ലിവര്‍പൂളിനോടും ഓള്‍ഡ് ട്രഫോര്‍ഡില്‍ വെച്ച് യുനൈറ്റഡ് തോറ്റിരുന്നു. എങ്കിലും സോള്‍ഷെയറുമായി മുന്‍പോട്ട് പോവാനാണ് യുനൈറ്റഡ് തീരുമാനിച്ചത്. പക്ഷേ വാറ്റ്‌ഫോര്‍ഡിന് എതിരെ കൂടി നാണം കെട്ടതോടെ സോള്‍ഷെയറിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തതായാണ് സൂചന. ക്രിസ്റ്റ്യാനോ, ജേഡന്‍ സാഞ്ചോ, റാഫേല്‍ വരാനെ എന്നീ പ്രമുഖ താരങ്ങളെ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എത്തിച്ചതിന് ശേഷവും ഇതുപോലെ തോല്‍വിയിലേക്ക് വീഴുന്നു എന്നതാണ് സോള്‍ഷെയറിന് വിനയായത്. 

ഇഞ്ചുറി ടൈമില്‍ വാറ്റ്‌ഫോര്‍ഡിന്റെ ഇരട്ട പ്രഹരം

വാറ്റ്‌ഫോര്‍ഡിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ യുനൈറ്റഡിന് നേര്‍ക്ക് വാറ്റ്‌ഫോര്‍ഡ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും പാസുകളിലുമെല്ലാം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും വാറ്റ്‌ഫോര്‍ഡ് ഗോള്‍വല കുലുക്കുന്നത് തടയാനായില്ല. 

20 ഷോട്ടുകളാണ് വാറ്റ്‌ഫോര്‍ഡില്‍ നിന്ന് യുനൈറ്റഡിന് എതിരെ വന്നത്. അതില്‍ ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് ഏഴും. 28ാം മിനിറ്റില്‍ ജോഷുവ കിങ്ങിലൂടെയാണ് വാറ്റ്‌ഫോര്‍ഡ് അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് അവര്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ 50ാം മിനിറ്റില്‍ വാന്‍ ഡി ബീക്കിലൂടെ യുനൈറ്റഡ് ഗോള്‍ വല കുലുക്കി. പക്ഷേ ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍ കൂടി നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാറ്റ്‌ഫോര്‍ഡ് തകര്‍ത്തിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com