സിദാനല്ല, വരുന്നത് പൊചെറ്റിനോ? മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് പിഎസ്ജി കോച്ച്

സിദാനല്ല, വരുന്നത് പൊചെറ്റിനോ? മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് പിഎസ്ജി കോച്ച്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീണ്ടും ടീമിലെത്തിച്ചിട്ടും ക്ലച് പിടിക്കാതെ പോയതിന് പിന്നാലെ പരിശീലകന്‍ ഒലെ സോള്‍ഷയറെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പിന്നാലെ പുതിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി ആര് എത്തും എന്നതാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ ആകാംക്ഷയോടെ നോക്കുന്നത്. 

അലക്‌സ് ഫെര്‍ഗൂസന്‍ സ്ഥാനമൊഴിഞ്ഞ ശേഷം കാര്യമായ ഒരു നേട്ടവും ഇല്ലാതെ നിരവധി പരിശീലകരെ മാറി മാറി പരീക്ഷിക്കുകയാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍. സോള്‍ഷെയര്‍ക്ക് പകരമായി ഫ്രഞ്ച് ഇതിഹാസവും മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനുമായ സിനദിന്‍ സിദാന്‍ എത്തുമെന്നായിരുന്നു തുടക്കം മുതല്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സിദാന് താത്പര്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

നിലവില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ കോച്ചായി പ്രവര്‍ത്തിക്കുന്ന മൗറീസിയോ പൊചെറ്റിനോ മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാന്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിഎസ്ജിയുമായി 2023 വരെ കരാറുണ്ടെങ്കിലും പാരിസില്‍ പൊചെറ്റിനോ സംതൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന നിലപാടിലാണ് നിലവില്‍ പൊചെറ്റിനോ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലബ് അധികൃതര്‍ ബന്ധപ്പെട്ടാല്‍ യെസ് മൂളും എന്ന നിലപാടിലാണ് അര്‍ജന്റീന പരിശീലകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പിഎസ്ജി ക്യാമ്പില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്തതില്‍ പൊചെറ്റിനോ വളരെ വലിയ നിരാശയിലാണെന്നു അഭ്യൂഹങ്ങളുണ്ട്. മാത്രമല്ല നിലവില്‍ പാരിസില്‍ ഒരു ഹോട്ടലിലാണ് പൊചെറ്റിനോ താമസിക്കുന്നത്. കുടുംബം ലണ്ടനിലുമാണ്. കുടുംബത്തിനൊപ്പം ചേരാനുള്ള അവസരം കൂടിയായി മാഞ്ചസ്റ്ററിലേക്ക് എത്തുന്നതിനെ പൊചെറ്റിനോ കാണുന്നു. 

ലെയ്‌സറ്റര്‍ സിറ്റി മാനേജര്‍ ബ്രണ്ടന്‍ റോജേഴ്‌സാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പരിശീലകന്‍. റോജേഴ്‌സിന്റെ വരവിലും ഉറപ്പില്ല. ലോകോമോടീവ് മോസ്‌കോയുടെ സ്‌പോര്‍ട്‌സ് ആന്റ് ഡവലപ്പ്‌മെന്റ് തലവനും ജര്‍മന്‍ കോച്ചുമായ റാള്‍ഫ് രാംഗ്നിക്ക് ഇടക്കാല പരിശീലകനായി എത്തുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നിലവില്‍ മുന്‍ താരം മൈക്കല്‍ കാരിക്കാണ് മാഞ്ചസ്റ്ററിന്റെ താത്കാല പരിശീലകന്‍. നാളെ വിയ്യാറലിനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ കാരിക്കിന്റെ തന്ത്രത്തിലാണ് റെഡ് ഡെവിള്‍സ് കളിക്കാന്‍ ഇറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com