മായങ്ക് അഗര്‍വാളിന്റെ വിചിത്ര ഫീല്‍ഡിങ് സ്റ്റാന്‍സ്, അംഗീകരിക്കാനാവില്ലെന്ന് മുന്‍ താരം 

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരെല്ലാം പന്തെറിഞ്ഞപ്പോള്‍ ഇതേ ഫീല്‍ഡിങ് പൊസിഷനിലാണ് മായങ്ക് നിന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ടാം ദിനം സ്ലിപ്പില്‍ മുട്ടിന്മേല്‍ നിന്ന മായങ്ക് അഗര്‍വാളിന്റെ ഫീല്‍ഡിങ് സ്റ്റാന്‍സിനെ വിമര്‍ശിച്ച് വിവിഎസ് ലക്ഷ്മണ്‍. കാണ്‍പൂരില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരെല്ലാം പന്തെറിഞ്ഞപ്പോള്‍ ഇതേ ഫീല്‍ഡിങ് പൊസിഷനിലാണ് മായങ്ക് നിന്നത്. 

എന്നാല്‍ ഈ സ്റ്റാന്‍സില്‍ നിന്ന് ക്യാച്ച് എടുക്കാന്‍ പ്രയാസമാണ് എന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഫീല്‍ഡിങ് സ്റ്റാന്‍സിനോട് എനിക്ക് യോജിപ്പില്ല. ഈ പൊസിഷനില്‍ ആയിരിക്കുമ്പോള്‍, അത്രയും അടുത്ത് ഫീല്‍ഡിങ് പൊസിഷനില്‍ നില്‍ക്കുമ്പോള്‍, ഈ ക്യാച്ചുകള്‍ എടുക്കാന്‍ തയ്യാറായി നില്‍ക്കണം. എന്നാല്‍ മായങ്ക് നിന്നത് പോലെയുള്ള സ്റ്റാന്‍സില്‍ തന്റെ നേരെ മുന്നിലേക്ക് വരുന്ന പന്തുകള്‍ മാത്രമാണ് പിടിക്കാനാവുക, ഇടത്തേക്കോ വലത്തേക്കോ വരുന്ന പന്തുകള്‍ പിടിക്കാന്‍ പറ്റില്ല, ലക്ഷ്മണ്‍ പറഞ്ഞു. 

മാനസികമായി തയ്യാറെടുത്ത് നില്‍ക്കുക

ഏതാണോ പൊസിഷന്‍ ആ പൊസിഷനില്‍ വിശ്വാസം അര്‍പ്പിച്ച് നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. ഒരുപാട് ക്യാച്ചുകള്‍ പിടിച്ചു, പരിശീലനം നടത്തിയാണ് വരുന്നത്. സ്വന്തം തോന്നലുകളെ വിശ്വസിക്കുക. താഴ്ന്ന് വരുന്ന പന്തായാലും മുന്‍പിലേക്ക് ആഞ്ഞും പിടിക്കാന്‍ പാകത്തില്‍ മാനസികമായി തയ്യാറെടുത്ത് നില്‍ക്കുക. അങ്ങനെ ഒരു പൊസിഷനില്‍ ആണ് മായങ്ക് നില്‍ക്കേണ്ടത്. അല്ലാതെ ഇതുപോലെ അല്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു. 

കളിയിലേക്ക് വരുമ്പോള്‍ മൂന്നാം ദിനവും ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിക്കുകയാണ് ന്യൂസിലാന്‍ഡ്. 89 റണ്‍സ് എടുത്ത് വില്‍ യങ് പുറത്തായി. 18 റണ്‍സ് എടുത്ത വില്യംസണിനേയും 11 റണ്‍സ് എടുത്ത ടെയ്‌ലറേയും റണ്‍ ഉയര്‍ത്താന്‍ അനുവദിക്കാതെ മടക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് ആശ്വാസമാണ്. സെഞ്ചുറിയോട് അടുക്കുകയാണ് ഓപ്പണര്‍ ടോം ലാതം. 97 ഓവറിലേക്ക് കിവീസ് ഇന്നിങ്‌സ് എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com