സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്ക് മറിഞ്ഞ് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 11:05 AM  |  

Last Updated: 29th November 2021 11:05 AM  |   A+A-   |  

warne

ഫോട്ടോ: ട്വിറ്റർ

 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്ക് അപകടത്തില്‍ പരിക്ക്. മകനൊപ്പം സഞ്ചരിക്കവേ ബൈക്ക് മറിഞ്ഞാണ് മുന്‍ താരത്തിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡാണ് മുന്‍ താരത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തത്.

ബൈക്ക് മറിഞ്ഞ് വോണ്‍ 15 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചു വീണു. അപകടം നടന്ന സമയത്ത് വലിയ പരിക്ക് തോന്നിയിരുന്നില്ലെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പിറ്റേദിവസം എഴുന്നേല്‍ക്കുമ്പോള്‍ കാലിനും ഇടുപ്പിനും വേദന അനുഭവപ്പെട്ടതായും പിന്നാലെ ആശുപത്രിയില്‍ പോയതായും താരം വ്യക്തമാക്കി.

ശരീരത്തിന് ചതവ് സംഭവിച്ചതായി 52കാരനായ വോണ്‍ പ്രതികരിച്ചു. ഡിസംബര്‍ എട്ട് മുതല്‍ ഗാബയില്‍ ആരംഭിക്കുന്ന ആഷസ് പോരാട്ടത്തിന്റെ ടെലിവിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് കടക്കാനിരിക്കെയാണ് വോണിന് അപകടം സംഭവിച്ചത്. അപ്പോഴേക്കും അപകടത്തില്‍ സംഭവിച്ച് പരിക്ക് സുഖപ്പെടുമെന്ന പ്രതീക്ഷയിലാണ് വോണ്‍.