'അയാള്‍ കള്ളം പറഞ്ഞു', മെസി ഏഴാം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന് പിന്നാലെ ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2021 10:04 AM |
Last Updated: 30th November 2021 10:13 AM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
ലണ്ടന്‍: ഏഴാം വട്ടം മെസി ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന് പിന്നാലെ വിമര്‍ശനവുമായി ഫ്രാന്‍സ് ഫുട്‌ബോള്‍ എഡിറ്റര്‍ ഇന്‍ ചീഫ് പാസ്‌കല്‍ ഫെറേയ്ക്ക് എതിരെ ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പാസ്‌കല്‍ ഫെറേ കള്ളം പറഞ്ഞതായി തെളിഞ്ഞു എന്നാണ് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ക്രിസ്റ്റിയാനോയ്ക്ക് ഒരു ആഗ്രഹമാണ് ഉള്ളത്, മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടി വിരമിക്കുക, ക്രിസ്റ്റിയാനോ എന്നോട് ഇത് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഫെറേയുടെ പ്രസ്താവന. മെസി ഏഴാം വട്ടം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന് പിന്നാലെ ഫെറേയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായാണ് ക്രിസ്റ്റ്യാനോ വരുന്നത്.
പാസ്‌കല്‍ ഫെറെ കള്ളം പറഞ്ഞു. സ്വന്തം പേര് ഉയര്‍ത്താന്‍ വേണ്ടി എന്നെ ഫെറെ ഉപയോഗിച്ചു. ഇത്രയും മഹനീയമായ പുരസ്‌കാരം നല്‍കുന്നവര്‍ ഇങ്ങനെ കള്ളം പറയുന്നത് ഫ്രാന്‍സ് ഫുട്‌ബോളിനേയും ഗോള്‍ഡന്‍ ബോളിനേയും ബഹുമാനിച്ച ഒരാളോട് ചെയ്യുന്ന അനാദരവാണ്. ഇന്ന് വീണ്ടും കള്ളം പറഞ്ഞു. ക്വാറന്റൈനിലായത് കൊണ്ടാണ് ഞാന്‍ ചടങ്ങിന് വരാത്തത് എന്ന്...അങ്ങനെ ഒരു ക്വാറന്റൈനും ഇല്ല, ക്രിസ്റ്റ്യാനോ പറഞ്ഞു.
ജയിക്കുന്നവരെ എല്ലായ്‌പ്പോഴും അഭിനന്ദിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഒരിക്കലും ആര്‍ക്കും എതിരായിരുന്നിട്ടില്ല. എനിക്ക് വേണ്ടിയും കളിക്കുന്ന ക്ലബിന് വേണ്ടിയുമാണ് ഞാന്‍ ജയിക്കുന്നത്. മറ്റൊരാള്‍ക്കും എതിരെയല്ല ഞാന്‍ ജയിക്കുന്നത്. രാജ്യത്തിനും ക്ലബിനും വേണ്ടി കിരീടങ്ങള്‍ നേടുക എന്നതാണ് എന്റെ ആഗ്രഹം. ഫുട്‌ബോളിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല മാതൃക കാണിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ലോക ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ എന്റെ പേര് എഴുതി അവസാനിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത മത്സരത്തില്‍ മാത്രമാണ് എന്റെ ശ്രദ്ധ. സഹതാരങ്ങള്‍ക്കും ഞങ്ങളെ പിന്തുണക്കുന്നവര്‍ക്കും ഒപ്പം ഈ സീസണില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും എന്നാണ് വിശ്വസിക്കുന്നത്, ക്രിസ്റ്റിയാനോ തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടില്‍ കുറിച്ചു.