കപ്പടിച്ച് ധോനിപ്പട; ഇത് ഉറപ്പിച്ച വിജയം, നാലാം കിരീടം ഉയർത്തി ചെന്നൈ

ഐപിഎൽ 14-ാം സീസണിൽ കപ്പിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐപിഎൽ 14-ാം സീസണിൽ നാലാം തവണയും കപ്പിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന കൂറ്റർ സ്കോർ കണ്ടെത്തി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഇന്നിങ്സ് വിജയത്തിന് 27 റൺസ് അകലെ അവസാനിച്ചു. 

വെങ്കടേഷ് അച്ചരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്ല തുടക്കം തന്നെയാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. രണ്ടാം ഓവറില്‍ വെങ്കടേഷിന്റെ വിക്കറ്റ് ധോനി നഷ്ടപ്പെടുത്തുകയും ചെയ്തു. ആറാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ 50 കടന്നു. പിന്നെ സ്‌കോര്‍ ഉയര്‍ത്താന്‍ പാടുപെട്ട കൊല്‍ക്കത്ത എട്ടാം ഓവറില്‍ ജഡേജ എറിഞ്ഞ അവസാന ബോളില്‍ സിക്‌സ് പറത്തി പ്രതീക്ഷ തിരിച്ചുപിടിച്ചു. 

തുരുതുരെ വിക്കറ്റ് വീണു 

10-ാം ഓവറിലെ രണ്ടാം ബോളില്‍ വെങ്കിടേഷ് അയ്യര്‍ ഹാഫ് സെഞ്ച്വറി കുറിച്ചു. 31 ബോളിലാണ് താരം അമ്പത് റണ്‍സ് നേടിയത്. പക്ഷെ ജഡേജ എറിഞ്ഞ 11-ാം ഓവറിലെ നാലാം ബോളില്‍ അയ്യര്‍ ശാര്‍ദുല്‍ ഠാക്കൂറിന് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടുപിന്നാലെ എത്തിയ നിതീഷ് റാണ വന്നപോലെ മടങ്ങി. ഠാക്കൂറിന്റെ ബോളില്‍ ഡ്യൂപ്ലസി പിടിച്ചാണ് റാണ പുറത്തായത്. സുനില്‍ നരെയ്‌നാണ് പിന്നീട് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് നിരാശയായിരുന്നു ഫലം. രണ്ട് ബോളില്‍ രണ്ട് റണ്‍ മാത്രം നേടി താരം അടിയറവ് പറഞ്ഞു. ജോഷ് ഹാസ്ലെവുഡ് എറിഞ്ഞ ബോള്‍ ഉയര്‍ത്തി അടിച്ച സുനില്‍ ജഡേജയുടെ കൈയില്‍ ഒതുങ്ങി.

'ഇനിയൊരു തിരിച്ചുവരുവുണ്ടാകില്ല'!

14-ാം ഓവറിലെ രണ്ടാം ബോളില്‍ കൊല്‍ക്കത്തയുടെ നിര്‍ണായക വിക്കറ്റും ചെന്നൈ പിഴിതു. 51 റണ്‍സ് നേടിയ ഗില്‍ ദീപക് ചഹറിന്റെ ബോളില്‍ എല്‍ബിഡബ്യൂ ആയി. പിന്നീടെത്തിയ ദിനേശ് കാര്‍ത്തിക് ആദ്യ ബോള്‍ തന്നെ സിക്‌സ് പറത്തി അവേശം ഉയര്‍ത്തി. പക്ഷെ ജഡേജയുടെ ബോള്‍ ഉയര്‍ത്തിയടിച്ച കാര്‍ത്തിക്കിന് പിഴച്ചു. ഏഴ് ബോളില്‍ ഒന്‍പത് റണ്‍സ് മാത്രമായി താരം ക്രീസ് വിട്ടു. തൊട്ടുപിന്നാലെ ഇറങ്ങിയ ഷാകിബ് അല്‍ ബസന്റെ വിക്കറ്റും ആദ്യ ബോളില്‍ തന്നെ തെറിച്ചു. ജഡേജയുടെ ബോളില്‍ എല്‍ബിഡബ്യൂ. 

ക്യാപ്റ്റനും മടങ്ങി

16-ാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും മടങ്ങി. ഠാക്കൂര്‍ എറിഞ്ഞ പന്ത് ഉയര്‍ത്തിയടിച്ച ത്രിപാഠി മൊയിന്‍ അലിയുടെ കൈയില്‍ അവസാനിച്ചു. ചെന്നൈയുടെ തേരോട്ടം എന്നിട്ടും അവസാനിച്ചില്ല. 17-ാം ഓവര്‍ എറിഞ്ഞ ഹാസ്ലെവുഡ് കൊല്‍ക്കത്ത നായകന്‍ ഇയാന്‍ മോര്‍ഗനെ പുറത്താക്കി. ചഹറിന്റെ ഉജ്ജ്വല ക്യാച്ച് ആണ് ചെന്നൈക്ക് എട്ടാം വിക്കറ്റ് സമ്മാനിച്ചത്. അവസാന ബോള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്തയുടെ ഒന്‍പതാം വിക്കറ്റും വീണു. ശിവം മവിയെ ബ്രാവോയുടെ ബോളില്‍ ചഹര്‍ ക്യാച്ച് പിടിച്ചു.

ചെന്നൈയ്ക്കായി ഠാക്കൂര്‍ 3, ജഡേജ 2, ഹാസ്ലെവുഡ് 2, ചഹര്‍ 1, ബ്രാവോ 1 എന്നിങ്ങനെ വിക്കറ്റ് വീഴ്ത്തി.
 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്കവാദും ഫാഫ് ഡുപ്ലെസിസും സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴ് ഓവറില്‍ ചെന്നൈ സ്‌കോര്‍ 50 കടത്തി. ഇതിനിടയില്‍ ഋതുരാജ് 14-ാം സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 

ചെന്നൈ 100 കടന്നു

സന്തോഷം അധികനേരം നീണ്ടുനിന്നില്ല. സുനില്‍ നരെയ്ന്‍ എറിഞ്ഞ ഓവറില്‍ ശിവം മവിക്ക് ക്യാച്ച് നല്‍കി 32 റണ്‍സെടുത്ത ഋതുരാജ് പുറത്തായി. പിന്നീട് ഡുപ്ലെസി റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം ചേര്‍ന്ന് സ്‌കോറിങ് വേഗതകൂട്ടി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചായിരുന്നു ഡുപ്ലെസിയുടെ മുന്നേറ്റം. 12-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 കടന്നു. ഇതേ ഓവറില്‍ ഡുപ്ലെസി-ഉത്തപ്പ പാര്‍ട്ട്ണര്‍ഷിപ് 50 റണ്‍സിലധികമായി. 

വീണ്ടും സുനില്‍ നരെയ്ന്‍, ഇര ഉത്തപ്പ

13-ാം ഓവറില്‍ സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തയുടെ രക്ഷയ്‌ക്കെത്തി. കൊല്‍ക്കത്ത ബോളര്‍മാരെ പ്രതിരോധത്തിലാക്കിയ റോബുന്‍ ഉത്തപ്പയായിരുന്നു ഇക്കുറി ഇര. 15 ബോളില്‍ നിന്ന് 31 റണ്‍സ് നേടി ഉത്തപ്പ എല്‍ബിഡബ്യൂ ആയി പുറത്തായി. മൂന്ന് സിക്‌സുകളാണ് താരം പറത്തിയത്. 

ധോനിപ്പട @ 192

മൊയിന്‍ അലിയാണ് പിന്നീട് ക്രീസിലെത്തിയത്. ഡുപ്ലെസി അലിയും ചേര്‍ന്ന് 17-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 150 കടത്തി. ശിവം മവി എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ ഡുപ്ലെസി വെങ്കിടേഷിന് ക്യാച്ച് നല്‍കി ഔട്ടായി. ഒരുഘട്ടത്തില്‍ ചെന്നൈ സ്‌കോര്‍ 200 കടക്കുമെന്ന് കരുതിയെങ്കിലും ധോനിപ്പടയുടെ ബാറ്റിങ് 192ല്‍ അവസാനിച്ചു. ഇതോടെ 14-ാം സീസണ്‍ കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍ വേണം. 

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും ശിവം മവി ഒരു വിക്കറ്റും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com