നാളെയാണ് ആ 'തീപ്പൊരി പോരാട്ടം'- ഇന്ത്യയുടെ 'മെഗാ സ്റ്റാറുകള്‍' സജ്ജം പാകിസ്ഥാനെ നേരിടാന്‍ (വീഡിയോ)

നാളെയാണ് ആ 'തീപ്പൊരി പോരാട്ടം'- ഇന്ത്യയുടെ 'മെഗാ സ്റ്റാറുകള്‍' സജ്ജം പാകിസ്ഥാനെ നേരിടാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. നാളെയാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു സംഘത്തെയും തൃപ്തിപ്പെടുത്തില്ലെന്ന് ഇരിക്കെ മത്സരം ആവേശത്തിന്റെ കൊടുമുടി കയറുമെന്ന് ഉറപ്പ്. അയല്‍ക്കാര്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള ബന്ധത്തിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുക്കുമ്പോള്‍ നാളത്തെ പോരാട്ടം ആരാധകരെ സംബന്ധിച്ച് ചങ്കിടിപ്പിന്റേത് കൂടിയാണെന്ന് ചുരുക്കം. 

കണക്കുകള്‍ നോക്കിയാല്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ സര്‍വാധിപത്യമാണെന്ന് കാണാം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ചിരവൈരികളെ മലര്‍ത്തിയടിച്ച് കിരീടം സ്വന്തമാക്കിയതില്‍ തുടങ്ങുന്നു ആ റെക്കോര്‍ഡ് യാത്ര. അന്ന് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോനിയുടെ കീഴിലാണ് ഇന്ത്യ പ്രഥമ കിരീടത്തില്‍ തന്നെ മുത്തമിട്ടത്. അതേ ധോനി ഇന്ന് ഉപദേശകനായി പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് ടീമിനൊപ്പമുണ്ട്. 

വര്‍ത്തമാന കാലത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്ന് വിളിപ്പേരുള്ള വിരാട് കോഹ്‌ലി, ബാബര്‍ അസം എന്നീ രണ്ട് മികച്ച താരങ്ങള്‍ ക്യാപ്റ്റന്‍മാരായി നയിക്കാനിറങ്ങുന്ന മത്സരം എന്ന സവിശേഷതയും നാളത്തെ തീപ്പൊരി പോരാട്ടത്തിനുണ്ട്. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം ഐസിസിയെ സംബന്ധിച്ച് സാമ്പത്തിക നേട്ടത്തിനുള്ള വഴി കൂടിയാണ്.

സാധാരണ മറ്റ് ടീമുകള്‍ക്കെതിരായ മത്സരം പോലെ ഒന്ന് എന്നായിരിക്കും ഇരു ടീമിലേയും താരങ്ങള്‍ പോരാട്ടത്തെ കാണുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ അടക്കമുള്ളവര്‍ക്ക് അത് അപ്രകാരമായിരിക്കില്ല. തങ്ങളുടെ പ്രകടനം അത്ര സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന് താരങ്ങള്‍ക്ക് പോലും നിശ്ചയമുണ്ട്. 

പ്രകടനം മോശമായാലും അത് എക്കാലവും സ്മരിക്കപ്പെടുമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ഒരാള്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തുള്ള ഒരാള്‍ക്ക് കൃത്യമായി അറിയാം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയാണ് ആ മുന്‍ താരം. കഴിഞ്ഞ 35 വര്‍ഷമായി ജാവേദ് മിയാന്‍ദാദ് അവസാന പന്തില്‍ സിക്‌സര്‍ പായിച്ച് ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയം സമ്മാനിച്ചപ്പോള്‍ പന്തെറിയാന്‍ വിധിക്കപ്പെട്ടത് ചേതന്‍ ശര്‍മയായിരുന്നു. 

പാകിസ്ഥാന്റെ അസ്തിത്വ പ്രതിസന്ധി

ലോകത്തോര നിലവാരമുള്ള ഒരുപിടി താരങ്ങളാണ് നിലവില്‍ ഇരു ടീമുകളുടേയും ശക്തി. ഇന്ത്യയേക്കാള്‍ പാകിസ്ഥാന് കൂടുതല്‍ തെളിയിക്കാനുമുണ്ട്. സമീപ കാലത്ത് പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ച ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളുടെ നടപടി പാകിസ്ഥാന് ഉണ്ടാക്കി വച്ച ക്ഷീണം ചെറുതല്ല. അതിന്റെ ക്ഷീണം തീര്‍ത്ത് പാക് ടീമിന് പലതും തെളിയിക്കാനുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് അപ്രമാദിത്വം തകര്‍ക്കുക മാത്രമല്ല അവരുടെ ലക്ഷ്യമെന്ന് ചുരുക്കം. കാലങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനെ സംബന്ധിച്ച് ഇന്ത്യക്കെതിരായ വിജയം അവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല.

ഇന്ത്യയുടെ ശക്തി ഈ അഞ്ച് പേരില്‍

നിലവില്‍ ഇന്ത്യ സന്തുലിതമായ ടീമിനെയാണ് കളിപ്പിക്കാനൊരുങ്ങുന്നത്. ബാറ്റിങിലും ബൗളിങിലും മികച്ച താരങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യയുടെ ശക്തി. പ്രത്യേകിച്ച് ബാറ്റിങില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവരുടെ സാന്നിധ്യം. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റിങിന് ഇറങ്ങുന്ന ഇവരുടെ മികവ് ടീമിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ മുഖ്യ ഘടകമാണ്. 

സമീപ കാലത്ത് പന്തെറിയാത്ത ഹര്‍ദ്ദിക് പാണ്ഡ്യ ഒരു ബാറ്റ്‌സ്മാന്‍ മാത്രമായി ടീമില്‍ ഇടം പിടിച്ചാല്‍ ആറാം ബൗളറുടെ അസാന്നിധ്യമായിരിക്കും ഇന്ത്യ നേരിടുന്ന ആദ്യ വെല്ലുവിളി. 10 പന്തില്‍ 20 റണ്‍സ് വേണ്ട സമയത്ത് ഹര്‍ദ്ദിക്കിന്റെ നിര്‍ഭയത്വം നിറഞ്ഞ ബാറ്റിങ് ഇന്ത്യക്ക് ആശ്വാസമാകുന്ന ഘടകമാണ് എന്നതാണ് താരത്തിന് അനുകൂലമായി നില്‍ക്കുന്നത്. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന്റെ സാന്നിധ്യവും ടീമിനുണ്ട്. 

ബുമ്‌റ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചഹര്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. ഭുവനേശ്വര്‍ കുമാറിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിന് സാധ്യത നല്‍കുന്നു. വിക്കറ്റ് നേടുമെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കില്ലാത്തത് ശാര്‍ദുലിനെ മറികടന്ന് അവസാന ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ ഭുവനേശ്വറിനെ പ്രാപ്തനാക്കുന്നു. അശ്വിന്റെ പരിചയ സമ്പത്തും ടീം ഫലപ്രദമായി തന്നെ ഉപയോഗിക്കമെന്ന് പ്രതീക്ഷിക്കാം. 

ബാബറിന്റെ കരുത്തില്‍ വിശ്വസിച്ച് പാക് പട

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ സാന്നിധ്യവും വൈവിധ്യമുള്ള ബൗളര്‍മാരുമാണ് പാകിസ്ഥാന്റെ പ്രധാന കരുത്ത്. വെറ്ററന്‍ താരം ഷൊയ്ബ് മാലിക്കിന്റെ വരവും ടീമിന് പുതിയ ഉണര്‍വ് സമ്മാനിച്ചിട്ടുണ്ട്. 

ബാബറിന് പുറമെ ഷഹീന്‍ അഫ്രീദി, റൗഫ്, ഹസന്‍, ഇമദ് വാസിം, ഷഹ്ദാബ് ഖാന്‍ എന്നിവരാണ് പാക് മുന്നേറ്റത്തിന്റെ ഗതി നിര്‍ണയിക്കുന്ന മറ്റ് സുപ്രധാന താരങ്ങള്‍. 

ഇടംകൈയന്‍ സ്പിന്നര്‍ ഇമദിന് യുഎഇയില്‍ മികച്ച റെക്കോര്‍ഡുണ്ട്. പന്തും സൂര്യകുമാറും അടങ്ങുന്ന ഇന്ത്യന്‍ മുന്‍നിര  പവര്‍ പ്ലേയിലും മിഡില്‍ ഓവറിലും ഇമദിനെ നേരിടുന്നതിന് അനുസരിച്ചും മത്സര ഗതി മാറാം. 

ഷൊയിബ് മാലിക്കിനൊപ്പം മുഹമ്മദ് ഹഫീസിനെയും തിരികെ വിളിച്ച് പാക് ടീം ശ്രദ്ധേയമായ ടീം കോമ്പിനേഷനാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍. 

പാകിസ്ഥാന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയിബ് മാലിക്, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷൈഹീന്‍ അഫ്രീദി, ഇമദ് വാസിം, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ആസിഫ് അലി, ഹൈദര്‍ അലി, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് വസീം, സൊഹൈബ് മഖ്‌സൂദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com