ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്വന്റി20 ലോകകപ്പ്, സൂപ്പര്‍ 12ലെ പോരുകള്‍ക്ക് ഇന്ന് തുടക്കം; ആദ്യ കളിയില്‍ ഓസ്‌ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്ക

ട്വന്റി20 ലോകകപ്പില്‍ വലിയ റെക്കോര്‍ഡുകളൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത രണ്ട് ടീമുകളാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്

ദുബായ്: കുട്ടിക്രിക്കറ്റിന്റെ ലോക കിരീടത്തിനായുള്ള ആവേശ പോരിന്റെ നാളുകളാണ് ഇനി. സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം 3.30ന് അബുദാബിയിലാണ് മത്സരം. 

ട്വന്റി20 ലോകകപ്പില്‍ വലിയ റെക്കോര്‍ഡുകളൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത രണ്ട് ടീമുകളാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇവിടെ ഓസ്‌ട്രേലിയയേക്കാള്‍ മുന്‍തൂക്കം സൗത്ത് ആഫ്രിക്കയ്ക്കാണ്. ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള തങ്ങളുടെ കഴിഞ്ഞ 10 മത്സരങ്ങളില്‍ ഒന്‍പതിലും സൗത്ത് ആഫ്രിക്ക ജയം പിടിച്ചു. 

എന്നാല്‍ ഓസ്‌ട്രേലിയ തങ്ങളുടെ അവസാന നാല് ട്വന്റി20 പരമ്പരകളും നഷ്ടപ്പെട്ടാണ് വരുന്നത്. സന്നാഹ മത്സരത്തിലാവട്ടെ ന്യൂസിലാന്‍ഡിനോട് തലനാരിഴയ്ക്കാണ് ജയം പിടിച്ചത്. ഇന്ത്യക്കെതിരെ എട്ട് വിക്കറ്റ് തോല്‍വിയിലേക്കും വീണു. 

ഓസ്‌ട്രേലിയക്ക് തിരിച്ചടി സൂപ്പര്‍ താരങ്ങളുടെ ഫോമില്ലായ്മ

ലോക ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന തബ്രെയ്‌സ് ഷംസിയാണ് ഓസ്‌ട്രേലിയക്ക് മുന്‍പിലെ പ്രധാന ഭീഷണി. സൗത്ത് ആഫ്രിക്കയുടെ മുന്‍നിരയെ വിറപ്പിക്കാന്‍ ആയിരിക്കും ഓസീസ് ഫാസ്റ്റ് ബൗളര്‍മാരുടെ ശ്രമം. ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫോമില്ലായ്മ ഓസ്‌ട്രേലിയക്ക് തിരിച്ചടിയാണ്. 

അബുദാബിയിലെ പിച്ച്‌

അബുദാബിയിലെ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് കൂടുതലായി ജയം പിടിച്ചിരിക്കുന്നത്. ഈ വര്‍ഷം സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാരെയാണ് അബുദാബിയിലെ പിച്ച് തുണച്ചിരിക്കുന്നത്. 

ഏഴ് ബാറ്റ്‌സ്മാന്മാരും നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായാണ് ഇറങ്ങുക എന്ന് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി. മാക്‌സ് വെല്ലും മിച്ചല്‍ മാര്‍ഷും, സ്റ്റൊയ്‌നിസും എക്‌സ്ട്രാ ഓവറുകള്‍ എറിയും. കമിന്‍സ്, ഹെയ്‌സല്‍വുഡ്, റിച്ചാര്‍ഡ്‌സന്‍ എന്നിവരാവും ഫാസ്റ്റ് ബൗളര്‍മാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com