അനായാസം ദക്ഷിണാഫ്രിക്ക; വിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

അനായാസം ദക്ഷിണാഫ്രിക്ക; വിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ എട്ട് വിക്കറ്റിന് വീഴ്ത്തി. 

സ്‌കോര്‍: വിന്‍ഡീസ് എട്ട് വിക്കറ്റിന് 143 റണ്‍സ്. ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമാണിത്. നേരത്തെ അവര്‍ ആദ്യ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.

തുടക്കത്തില്‍ വിക്കറ്റ് വീണിട്ടും പതറിയില്ല

144 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു വിജയം അനായാസമാക്കി. റീസ ഹെന്‍ഡ്രിക്‌സ്, റസി വാന്‍ ഡെര്‍ ഡുസന്‍ എന്നിവരും തിളങ്ങി. 

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടെംബ ബവുമയെ അവര്‍ക്ക് നഷ്ടമായി. രണ്ട് റണ്‍സെടുത്ത നായകനെ ആന്ദ്രെ റസ്സല്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഹെന്‍ഡ്രിക്‌സിന് കൂട്ടായി വാന്‍ ഡെര്‍ ഡുസന്‍ എത്തിയതോടെ പ്രോട്ടിയാസ് ട്രാക്കിലായി. ഒരറ്റത്ത് സ്‌ട്രൈക്ക് കൈമാറി കളിച്ച ഡുസന്‍ ഹെന്‍ഡ്രിക്‌സിന് അടിക്കാനുള്ള അവസരം ഒരുക്കി. 

സ്‌കോര്‍ 61ല്‍ നില്‍ക്കെ ഹെന്‍ഡ്രിക്‌സിനെ മടക്കി അകെല്‍ ഹൊസെയ്ന്‍ വിന്‍ഡീസിനെ കളിയിലേക്ക് മടക്കി എത്തിച്ചെങ്കിലും വാന്‍ ഡെര്‍ ഡുസന് കൂട്ടായി മാര്‍ക്രം എത്തിയതോടെ ദക്ഷിണാഫ്രിക്ക വീണ്ടും കടിഞ്ഞാല്‍ കൈയിലെടുത്തു. ഹെന്‍ഡ്രിക്‌സ് 30 പന്തില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം 39 റണ്‍സുമായി മടങ്ങി. 

കൂറ്റനടികളുമായി മാര്‍ക്രം കളം നിറഞ്ഞു. താരം 26 പന്തില്‍ നിന്ന് നാല് സിക്‌സുകളും രണ്ട് ഫോറും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു. വാന്‍ ഡെര്‍ ഡുസന്‍ 43 റണ്‍സുമായും പുറത്താകാതെ നിന്നു. 

തിളങ്ങിയത് ലൂയീസ് മാത്രം

വെസ്റ്റിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 144 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് കണ്ടെത്തിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണറായ എവിന്‍ ലൂയിസ് നല്‍കിയത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ലെന്‍ഡല്‍ സിമ്മണ്‍സിനെ കൂട്ടുപിടിച്ച് ലൂയിസ് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സിമ്മണ്‍സ് തപ്പിത്തടഞ്ഞപ്പോള്‍ ലൂയിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. സ്പിന്നര്‍ കേശവ് മഹാരാജ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മികച്ച ഫോമില്‍ കളിച്ച എവിന്‍ ലൂയിസിനെ കേശവ് മഹാരാജ് കാഗിസോ റബാഡയുടെ കൈയിലെത്തിച്ചു. 35 പന്തില്‍ മൂന്ന് ഫോറിന്റേയും ആറ് സിക്‌സും സഹിതം ലൂയിസ് 56 റണ്‍സ് അടിച്ചെടുത്തു. 

ബാറ്റിങ് തകര്‍ച്ച

പിന്നാലെ വന്ന നിക്കോളാസ് പൂരന്‍ ഏഴ് പന്തില്‍ 12 റണ്‍സുമായി മടങ്ങി. പൂരനെയും കേശവ് മഹാരാജാണ് മടക്കിയത്. പൂരന്‍ മടങ്ങിയ ശേഷം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സിമ്മണ്‍സും പുറത്തായി. 35 പന്തുകളില്‍ നിന്ന് വെറും 16 റണ്‍സ് മാത്രമാണ് താരത്തിന് നേടായായത്. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് മൂന്നിന്
89 എന്ന നിലയിലേക്ക് വീണു.  

പിന്നീട് ക്രീസിലൊന്നിച്ച നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡും ക്രിസ് ഗെയ്‌ലും ചേര്‍ന്ന് വിന്‍ഡീസിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. അതിനിടെ ബൗളിങ്ങില്‍ നിര്‍ണായക മാറ്റം കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമയുടെ തന്ത്രം ഫലിച്ചു. ആദ്യ പന്തില്‍ തന്നെ പ്രിട്ടോറിയസ് ക്രിസ് ഗെയ്‌ലിനെ മടക്കി.

12 റണ്‍സെടുത്ത ഗെയ്ല്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. ഗെയ്‌ലിന് പകമെത്തിയ ആന്ദ്രെ  റസ്സലിന് പിടിച്ചുനില്‍ക്കാനായില്ല. വെറും അഞ്ചു റണ്‍സ് മാത്രമെടുത്ത താരത്തെ ഹെന്റിച്ച് നോര്‍ക്യെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ ഡേവിഡ് മില്ലര്‍ റണ്‍ ഔട്ടാക്കി.

അവസാന ഓവറില്‍ നന്നായി കളിച്ച പൊള്ളാര്‍ഡിനെ മടക്കി പ്രിട്ടോറിയസ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. 20 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ വാന്‍ ഡെര്‍ ഡ്യൂസ്സന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹെയ്ഡന്‍ വാല്‍ഷിനെയും മടക്കി പ്രിട്ടോറിയസ് വിന്‍ഡീസിനെ തകര്‍ത്തു. ഡ്വെയ്ന്‍ ബ്രാവോയാണ് ടീം സ്‌കോര്‍ 144 റണ്‍സിലെത്തിച്ചത്. ബ്രാവോ എട്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാഡ, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com