പ്രത്യേക മതവിഭാഗക്കാര്‍ ആയതിനാലാണോ ബൂമ്രയും ഭുവിയും നന്നായി പന്തെറിയുന്നത്? വിമര്‍ശനവുമായി ഗംഭീര്‍

ഇന്ത്യ തോറ്റതോടെ മുഹമ്മദ് ഷമിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയാണ്. എന്ത് കഷ്ടമാണിത്
ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ഷമിയെ അഭിനന്ദിക്കുന്ന കൊഹ്‌ലി
ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ത്തിയ ഷമിയെ അഭിനന്ദിക്കുന്ന കൊഹ്‌ലി

ന്യൂഡല്‍ഹി: പാകിസ്ഥാന് എതിരായ കളിക്ക് ശേഷം മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ ട്രോളുകളെ വിമര്‍ശിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ബൂമ്രയും ഭുവിയും ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അവര്‍ ഉത്തരവാദിത്വത്തോടെ കളിക്കുന്നു എന്നാണോ നിങ്ങള്‍ പറയുന്നത് എന്നാണ് ഗംഭീറിന്റെ ചോദ്യം. 

ഇന്ത്യ തോറ്റതോടെ മുഹമ്മദ് ഷമിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയാണ്. എന്ത് കഷ്ടമാണിത്. എങ്ങോട്ടാണ് രാജ്യത്തിന് പോക്ക് എന്നും ഗംഭീര്‍ ചോദിക്കുന്നു. എനിക്ക് ഷമിയെ നന്നായി അറിയാം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 

പാകിസ്ഥാന്‍ നന്നായി കളിച്ചു, അത് അംഗീകരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണം

ഉത്തരവാദിത്വത്തോടെ കളിക്കുന്നു, കഠിനാധ്വാനിയായ വ്യക്തിയാണ് ഷമി. ചില മത്സരങ്ങളില്‍ ചിലര്‍ക്ക് തിളങ്ങാനായെന്ന് വരില്ല. പാകിസ്ഥാന് എതിരെ ഷമിക്കും മികവ് കാണിക്കാനായില്ല. എന്നാല്‍ ഏതൊരു താരത്തിനും സംഭവിക്കുന്നതാണ് അത്. പാകിസ്ഥാന്‍ നന്നായി കളിച്ചു. അത് അംഗീകരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കുകയല്ലേ വേണ്ടത് എന്നും ഗംഭീര്‍ പറയുന്നു. 

പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ വലിയ രീതിയില്‍ അധിക്ഷേപ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഷമിയുടെ മതത്തിലേക്ക് ചൂണ്ടിയാണ് ട്രോളുകള്‍ വന്നത്. എന്നാല്‍ സച്ചിന്‍, സെവാഗ്, ഹര്‍ഭജന്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും ബിസിസിഐയും ഷമിക്ക് പിന്തുണയുമായി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com