മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചെന്നൈയുടെ എക്കാലത്തേയും മോശം തുടക്കമാണ് കാണാൻ കഴിഞ്ഞത്. സീസൺ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ധോനി സിഎസ്കെയുടെ നായക സ്ഥാനം ഒഴിഞ്ഞതും പിൻഗാമിയായി ജഡേജ വന്നതുമെല്ലാം. ക്യാപ്റ്റൻ ജഡേജയാണെങ്കിലും ഇപ്പോഴും ഗ്രൗണ്ടിൽ തീരുമാനം എടുക്കുന്നത് ധോനി തന്നെയാണെന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. അതേസമയം നായകനാണെന്നത് തനിക്ക് അധികസമ്മർദ്ദം ഉണ്ടാക്കുന്നില്ലെന്നും ഇതേക്കുറിച്ച് ധോനി പറഞ്ഞപ്പോൾ മുതൽ ചുമതല ഏറ്റെടുക്കാൻ ഒരുങ്ങിയിരുന്നെന്നും ജഡേജ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ജഡേജയുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും പ്രകടനം ദയനീയമാണ്. മൂന്ന് കളികളിലായി രണ്ട് റൺസ് മാത്രമാണ് താരം ഇതുവരെ കണ്ടെത്തിയത്. ആദ്യ കളിയിൽ നായകൻ സംപൂജ്യനായി മടങ്ങിയപ്പോൾ മറ്റു രണ്ട് കളികളിലും ഒരു റൺ മാത്രമെടുത്ത് പുറത്തായി. അതേസമയം നായകസ്ഥാനം ലഭിച്ചതോടെ ജഡേജയുടെ പ്രകടനം മോശമായെന്നാണ് വിലയിരുത്തലുകൾ.
മാസങ്ങൾക്ക് മുമ്പ് ധോനി തീരുമാനം തന്നെ അറിയിച്ചിരുന്നെന്ന് ജഡേജ സ്ഥിരീകരിച്ചു. 'അദ്ദേഹം എന്നോട് കുറച്ച് മാസം മുമ്പ് ഇക്കാര്യം പറഞ്ഞതുമുതൽ ഞാൻ തയ്യാറെടുക്കുന്നുണ്ട്. നായകനാകാൻ മാനസികമായി ഞാൻ തയ്യാറായിരുന്നു. അതിന് എന്റെമേൽ അധിക സമ്മർദ്ദമൊന്നുമില്ല. എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് ഞാൻ ശ്രമിച്ചത്, പഞ്ചാബ് കിങ്‌സിനെതിരെ പരാജയപ്പെട്ടശേഷം ജഡേജ പറഞ്ഞു. ധോനിയുടെ മാർഗ്ഗനിർദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുന്നത് തന്റെ ഭാഗ്യമാണെന്നാണ് ജഡേജയുടെ വാക്കുകൾ. 'അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട്. ഉപദേശങ്ങൾക്കായി ഞങ്ങൾക്ക് ഒരുപാട് ദൂരേയ്‌ക്കൊന്നും പോകണ്ട, ജഡേജ പറഞ്ഞു.
ഈ വാര്ത്തകൂടി വായിക്കാം: പഞ്ചാബിനോടും മുട്ടുമടക്കി ചെന്നൈ; തുടർച്ചയായ മൂന്നാം തോൽവി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates