കൈവിട്ട ജയം തിരിച്ചുപിടിച്ച് ബാംഗ്ലൂർ; രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 06:46 AM  |  

Last Updated: 06th April 2022 07:13 AM  |   A+A-   |  

ipl_2022_RCB_VS_RR

വിക്കറ്റ് ആഘോഷിക്കുന്ന ആർസിബി താരങ്ങൾ/ ചിത്രം: പിടിഐ

 

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ.  87 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ബാംഗ്ലൂരിനെ ആറാം വിക്കറ്റിൽ ഷഹബാസ് അഹമ്മദ് - ദിനേഷ് കാർത്തിക്ക് കൂട്ടുകെട്ടാണ് വിജയതീരത്തെത്തിച്ചത്. നാലു വിക്കറ്റിനായിരുന്നു ജയം. രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ശേഷിക്കേ ബാംഗ്ലൂർ താണ്ടി. 

26 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം ഷഹബാസ് 45 റൺസെടുത്തപ്പോൾ 23 പന്തിൽ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം കാർത്തിക്ക് 44 റൺസോടെ പുറത്താകാതെ നിന്നു. 67 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 

ബാംഗ്ലൂരിന് വേണ്ടി ഓപ്പൺ ചെയ്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി - അനുജ് റാവത്ത് സഖ്യം മികച്ച തുടക്കം സമ്മാനിച്ചു. 42 പന്തിൽ നിന്ന് 55 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 20 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 29 റൺസെടുത്ത ഡുപ്ലെസിയാണ് ആദ്യം പുറത്തായത്. 25 പന്തിൽ നിന്ന് നാല് ഫോറടക്കം 26 റൺസെടുത്ത് എട്ടാം ഓവറിൽ അനുജ് റാവത്തും പുറത്തായി. അഞ്ച് റൺസ് മാത്രം നേടി വിരാട് കോഹ് ലി റണ്ണൗട്ടായി.  ഡേവിഡ് വില്ലി (0), ട്രെൻഡ് ബോൾട്ട് റുഥർഫോർഡ് (5) എന്നിങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി വിക്കറ്റുകൾ വീണു. പിന്നാലെയെത്തിയ ഷഹബാസും കാർത്തിക്കും പിടിച്ചുനിന്നതോടെയാണ് കൈവിട്ട ജയം ബാം​ഗ്ലൂർ തിരിച്ചുപിടിച്ചത്. ഷഹബാസ് പുറത്തായശേഷം ക്രീസിലെത്തിയ ഹർഷൽ പട്ടേൽ 20-ാം ഓവറിലെ ആദ്യ പന്ത് സിക്‌സർ പറത്തി ടീമിനെ ജയത്തിലെത്തിച്ചു. നാലു പന്തിൽ നിന്ന് ഒമ്പത് റൺസോടെ ഹർഷൽ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. അവസാന ഓവറുകളിലെ ബാറ്റിങ് വെടിക്കെട്ട് സഹിതം 47 പന്തിൽ നേടിയത് 70 റൺസ്. ആറു സിക്‌സറുകൾ സഹിതമാണ് ബട്‌ലർ 70 റൺസെടുത്തത്. ദേവ്ദത്ത് പടിക്കൽ 37 റൺസെടുത്തും ഷിമ്രോൺ ഹെറ്റ്‌മെയർ പുറത്താകാതെ 42 റൺസെടുത്തും ബട്‌ലറിന് പിന്തുണ നൽകി. 

ഈ വാര്‍ത്ത വായിക്കാം:വീണ്ടും ബട്‌ലര്‍ഷോ; അവസാന രണ്ട് ഓവറില്‍ തകര്‍പ്പനടി; ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടത് 170 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ