'റോയലായി' സഞ്ജുവിന്റെ രാജസ്ഥാന്‍, ഒന്നാമത്; സൂപ്പര്‍ ജയന്റ്‌സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചു

ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം
രാജസ്ഥാന്‍ റോയല്‍സിന്റെ ആഹ്ലാദപ്രകടനം: image credit/Indian Premier League
രാജസ്ഥാന്‍ റോയല്‍സിന്റെ ആഹ്ലാദപ്രകടനം: image credit/Indian Premier League

മുംബൈ: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. അവസാന നിമിഷം വരെ ആരു ജയിക്കുമെന്ന ആകാംക്ഷ നിലനിര്‍ത്തിയ മത്സരത്തില്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ മൂന്ന് റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ആറു പോയിന്റുമായി റോയല്‍സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ലഖ്നൗവിന്റെ അവസാന പ്രതീക്ഷയായിരുന്ന മാര്‍ക്കസ് സ്റ്റോയ്നിസിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 19-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ 19 റണ്‍സ് വഴങ്ങിയിട്ടും അവസാന ഓവറില്‍ സ്റ്റോയ്നിസ് ക്രീസില്‍ നില്‍ക്കേ 15 റണ്‍സ് പ്രതിരോധിച്ച കുല്‍ദീപ് സെന്‍ റോയല്‍സിന് ജയമൊരുക്കുകയായിരുന്നു. സ്റ്റോയ്നിസ് 17 പന്തില്‍ നിന്ന് നാല് സിക്സും രണ്ട് ഫോറുമടക്കം 38 റണ്‍സോടെ പുറത്താകാതെ നിന്നു.

166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സൂപ്പര്‍ ജയന്റ്സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ട്രെന്റ് ബോള്‍ട്ട്, ക്യാപ്റ്റന് കെ.എല്‍ രാഹുലിന്റെ (0) കുറ്റി തെറിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ കൃഷ്ണപ്പ ഗൗതത്തെ (1) വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ലഖ്നൗവിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. നാലാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറെ (8) പ്രസിദ്ധ് കൃഷ്ണയും മടക്കിയതോടെ ലഖ്നൗ തകര്‍ച്ച മുന്നില്‍ കണ്ടു.


റോയല്‍സിനായി ജോസ് ബട്ട്ലറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 5.1 ഓവറില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 റണ്‍സെടുത്ത ബട്ട്ലര്‍ പുറത്തായി. റോയല്‍സ് സ്‌കോര്‍ 60ല്‍ നില്‍ക്കേ 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായി. 10-ാം ഓവറില്‍ 29 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ദേവ്ദത്തും നാല് റണ്‍സുമായി റാസ്സി വാന്‍ഡര്‍ദസ്സനും മടങ്ങി. 

പിന്നീടാണ് ഷിംറോണ്‍ ഹെറ്റ്മയര്‍ - ആര്‍. അശ്വിന്‍ സഖ്യം ഒന്നിച്ചത്. നാലിന് 67 റണ്‍സെന്ന നിലയിലായിരുന്ന റോയല്‍സിനെ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. 68 റണ്‍സാണ് ഇവര്‍ ഒന്നിച്ച് നേടിയത്. 36 പന്തുകള്‍ നേരിട്ട ഹെറ്റ്മയര്‍ ആറ് സിക്സും ഒരു ഫോറുമടക്കം 59 റണ്‍സെടുത്തു. ഹെറ്റ്മയറാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 28 റണ്‍സെടുത്ത അശ്വിന്‍ ഇന്നിങ്സിനിടെ റിട്ടയര്‍ ചെയ്തു. അശ്വിന് പകരം റിയാന്‍ പരാഗ് എത്തി. നാലു പന്തില്‍ നിന്ന് എട്ടു റണ്‍സാണ് റിയാന്‍ നേടിയത്. സൂപ്പര്‍ ജയന്റ്സിനായി ഹോള്‍ഡറും കെ. ഗൗതവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com