12 കാരന്‍ വല ചലിപ്പിച്ചു; ഷാക്തറിന് വിജയ ഗോള്‍ യുക്രൈന്‍ അഭയാര്‍ത്ഥി ബാലന്റെ ബൂട്ടില്‍ നിന്ന്; ഹൃ‌ദയം തൊടും വീഡിയോ

റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനില്‍ നിന്ന് അഭയാര്‍ത്ഥിയായി മാറിയ ഒരു 12കാരന്റെ കാഴ്ചയാണ് ആരാധകരുടെ ഹൃദയം തൊട്ടത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഡൊനറ്റ്‌സ്‌ക്: ഫുട്‌ബോളിനെ മനോഹരമാക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. കളിക്കപ്പുറം അത് മറ്റ് വൈകാരിക നിമിഷങ്ങള്‍ക്ക് പലപ്പോഴും സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനില്‍ നിന്ന് അഭയാര്‍ത്ഥിയായി മാറിയ ഒരു 12കാരന്റെ കാഴ്ചയാണ് ആരാധകരുടെ ഹൃദയം തൊട്ടത്. യുക്രൈന്‍ ഫുട്‌ബോള്‍ ക്ലബ് ഷാക്തര്‍ ഡൊനറ്റ്‌സ്‌കും പോളണ്ട് ക്ലബ് ലെഷിയ ഗനസ്‌കും തമ്മിലുള്ള ഒരു ചാരിറ്റി മത്സരത്തിനിടെയാണ് അപൂര്‍വ നിമിഷത്തിന് ആരാധകര്‍ സാക്ഷിയായത്. 

മത്സരത്തില്‍ 2-2എന്ന നിലയില്‍ ടീമുകള്‍ തുല്ല്യതയില്‍ നില്‍ക്കവേ, ഷാക്തര്‍ കളിയുടെ അവസാന നിമിഷങ്ങളില്‍ ഒരു പന്ത്രണ്ട് വയസുകാരനെ പകരക്കാരനായി ഇറക്കി. ലോങ് വിസില്‍ മുഴങ്ങും മുന്‍പ് ആ ബാലന്‍ ഒരു ഗോള്‍ നേടി ഷാക്തറിനെ വിജയിപ്പിച്ചു. 

റഷ്യന്‍ അധിനിവേശത്തില്‍ അഭയാര്‍ത്ഥിയായി മാറിയ യുക്രൈന്‍ ബാലന്‍ ദിമിത്രോ കേഡയാണ് ടീമിന് വിജയ ഗോള്‍ സമ്മാനിച്ചത്. കിഴക്കന്‍ യുക്രൈനിലെ മരിയുപൂളിലാണ് ദിമിത്രോയുടെ സ്വദേശം. 

വിജയ ഗോള്‍ നേടാന്‍ ഷാക്തറിലെ സഹ താരങ്ങള്‍ അവനെ അനുവദിച്ചു. ചെറിയ പാസുകളിലൂടെ അവന്‍ മുന്നേറി വല കുലുക്കി. പിന്നാലെ ഷാക്തര്‍ താരങ്ങള്‍ അവനെ വായുവില്‍ എടുത്തുയര്‍ത്തി വിജയം ആഘോഷിച്ചു. 

സമാധാനത്തിനായി ക്ലബ് നടത്തുന്ന ആഗോള പര്യടനത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. യുദ്ധം നിര്‍ത്തൂ എന്നെഴുതിയ ജേഴ്‌സി ധരിച്ചാണ് താരങ്ങള്‍ കളത്തിലെത്തിയത്. 

പര്യടനത്തിന്റെ ആദ്യ പോരില്‍ ഗ്രീക്ക് ടീം ഒളിംപ്യാകോസിനെ ഷാക്തര്‍ 1-0ത്തിന് വിഴ്ത്തിയിരുന്നു. പിന്നാലെയാണ് ലെഷിയയെയും പരാജയപ്പെടുത്തിയത്. ഫെനര്‍ബാഷെ, ഹജ്ദുക് സ്ലിപ്റ്റുമായും ഷാക്തറിന് ഇനി മത്സരങ്ങളുണ്ട്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com