മുംബൈ: പരമ ദയനീയമായാണ് അഞ്ച് തവണ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ പോക്ക്. കളിച്ച കളികളെല്ലാം തോറ്റ ഏക ടീമും അവരാണ്. കളിച്ച ഏഴിൽ ഏഴ് മത്സരങ്ങളിലും അവർ പരാജയം രുചിച്ചു.
താര ലേലത്തിലെ കാഴ്ചപ്പാട് ഇല്ലായ്മയാണ് മുംബൈയുടെ മോശം പ്രകടനത്തിന് പിന്നില്ലെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ. ടീമിന്റെ ആത്മാക്കളായി നിന്ന താരങ്ങളെ മെഗാ താര ലേലത്തിൽ കൈവിട്ടത് ചൂണ്ടിക്കാട്ടിയാണ് പീറ്റേഴ്സൻ ഇക്കാര്യം പറഞ്ഞത്. ബെറ്റ്‌വേ കോമിലെ ബ്ലോഗിലാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ട്രെന്റ് ബോൾട്ടിനെ കൈവിട്ടതും പരിക്കേറ്റ ജോഫ്രാ ആർച്ചറിനായി കോടികൾ മുടക്കിയതുമാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് പീറ്റേഴ്സൻ പറയുന്നു. ഇതോടെ മുംബൈയുടെ ബൗളിങ് തീർത്തും ദുർബലമായെന്നും കെപി നിരീക്ഷിക്കുന്നു.
‘ഐപിഎൽ സീസൺ മുംബൈ ഇന്ത്യൻസിന് കൂട്ടത്തകർച്ചയുടേതാണ്. ബാറ്റർമാർ സ്പോർസർഷിപ്പുകളും ബോളർമാർ പ്രീമിയർഷിപ്പുകളും നേടുമെന്നാണ് അവർ പറയുന്നത്. പരിക്കേറ്റ ജോഫ്ര ആർച്ചറിനായി ഇത്രയധികം തുക മുടക്കുകയും ട്രെന്റ് ബോൾട്ടിനെ കൈവിടുകയും ചെയ്തതോടെ അവരുടെ ബൗളിങ് നിര തീർത്തും ദുർബലമായി.‘
‘ടി20 ക്രിക്കറ്റിൽ പകരം വയ്ക്കാനാകാത്തവരാണ് ഇടംകൈയൻ പേസർമാർ. അവരുടെ ബൗളിങ് ആംഗിൾ ബാറ്റർമാരെ കുഴപ്പത്തിലാക്കും. ബോൾട്ടിനെക്കാൾ മികച്ച ഒരാളെ കിട്ടാനില്ല. ലോകോത്തര നിലവാരമാണു ബോൾട്ടിന്റെത്. ബോൾട്ടിനെ കൈവിട്ടുകളഞ്ഞതാണ് മുംബൈയുടെ ഏറ്റവും വലിയ നഷ്ടം, ക്വിന്റൻ ഡികോക്കിനെക്കാളും, പാണ്ഡ്യ സഹോദരൻമാരെക്കാളും മുംബൈയെ ഏറെ വേദനിപ്പിക്കുന്നതും ഇതാകും. എല്ലാവരും ഒന്നാംതരം മാച്ച് വിന്നർമാരാണ്.‘
‘മെഗാ താര ലേലത്തിൽ മുംബൈയുടെ ആത്മാവ് നഷ്ടമായി. മുംബൈയിൽ കളിച്ചു പഠിച്ച സൂപ്പർ താരങ്ങൾ ഇപ്പോൾ ടീമിനു പുറത്താണ്. മുംബൈയുടെ നില പരുങ്ങലിലും. എന്താണ് ഇവിടെ നടക്കുന്നതെന്നാകും പരിശീലകൻ മഹേല ജയവർധനെ ആലോചിക്കുന്നത്‘- പീറ്റേഴ്സൻ വ്യക്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates