തിളങ്ങാതെ പേസര്‍മാര്‍; കമന്ററി പറയാനെത്തിയ ധവാല്‍ കുല്‍ക്കര്‍ണിയെ മുംബൈ ടീമിലെടുത്തു! 

സൂപ്പര്‍താരം ജസ്പ്രിത് ബുമ്‌റ ഉള്‍പ്പെടെയുള്ള പേസ് ബൗളര്‍മാരുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ധവാല്‍ കുല്‍ക്കര്‍ണിയെ മുംബൈ ഇന്ത്യന്‍സ് ഐപിഎലിനിടെ സ്വന്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തകര്‍ച്ചയെ നേരിടുകയാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. എട്ടില്‍ എട്ട് മത്സരങ്ങളും അവര്‍ തോറ്റമ്പി. ബൗളര്‍മാരുടെ നിറംമങ്ങിയ പ്രകടനമാണ് മുംബൈയുടെ കളിയെ ബാധിച്ചത്. എട്ടില്‍ എട്ടും തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.

ഇപ്പോഴിതാ ശ്രദ്ധേയമായൊരു നീക്കം നടത്തിയിരിക്കുകയാണ് മുംബൈ. മത്സരങ്ങള്‍ക്ക് കമന്ററി പറയാനെത്തിയ വെറ്ററന്‍ താരം ധവാല്‍ കുല്‍ക്കര്‍ണിയെ മുംബൈ ടീമിലെത്തിച്ചു. ഐപിഎലിന്റെ ഔദ്യോഗിക സംപ്രേക്ഷണാവകാശമുള്ള ചാനലിന്റെ കമന്ററി പാനലില്‍ അംഗമായ ധവാലിനെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. താരം ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

സൂപ്പര്‍താരം ജസ്പ്രിത് ബുമ്‌റ ഉള്‍പ്പെടെയുള്ള പേസ് ബൗളര്‍മാരുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ധവാല്‍ കുല്‍ക്കര്‍ണിയെ മുംബൈ ഇന്ത്യന്‍സ് ഐപിഎലിനിടെ സ്വന്തമാക്കിയത്. പരിശീലന സെഷനില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ധവാല്‍ ടീമിനായി കളത്തിലിറങ്ങും. 

ഈ സീസണില്‍ മുംബൈയുടെ പ്രധാന ബൗളിങ് പ്രതീക്ഷയായിരുന്ന ബുമ്‌റയ്ക്ക് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് 229 റണ്‍സ് വഴങ്ങിയ ബുമ്‌റ ആകെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ് മാത്രമാണ്. ബുമ്‌റയ്ക്കു പുറമേ  ഇടംകയ്യന്‍ പേസര്‍ ജയ്‌ദേവ് ഉനദ്കട്, മലയാളി താരം ബേസില്‍ തമ്പി, വിദേശ താരം ഡാനിയല്‍ സാംസ് തുടങ്ങിയവര്‍ക്കും കാര്യമായി തിളങ്ങാനായിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് 190 റണ്‍സ് വഴങ്ങിയ ഉനദ്കട് ആകെ വീഴ്ത്തിയത് ആറ് വിക്കറ്റുകള്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 209 റണ്‍സ് വഴങ്ങിയ സാംസും നേടിയത് ആറ് വിക്കറ്റ്.

മറ്റു പേസര്‍മാരില്‍ ടൈമല്‍ മില്‍സ് അഞ്ച് മത്സരങ്ങളില്‍നിന്ന് 190 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും ബേസില്‍ തമ്പി അഞ്ച് മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുമാണ് വീഴ്ത്തിയത്. റൈലി മെറിഡത്തിനെ രണ്ട് മത്സരങ്ങളില്‍ കളത്തിലിറക്കിയെങ്കിലും 65 റണ്‍സ് വിട്ടുകൊടുത്ത് ആകെ വീഴ്ത്തിയത് മൂന്നു വിക്കറ്റ്.

രഞ്ജി ട്രോഫിയില്‍ മുംബൈ ടീമില്‍ സ്ഥിരാംഗമായ ധവാല്‍ കുല്‍ക്കര്‍ണി, പലതവണ ഐപിഎലിലും കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളത്തിലുള്ള താരത്തിന് 92 മത്സരങ്ങളില്‍ നിന്ന് 86 വിക്കറ്റാണ് സമ്പാദ്യം. കരിയറില്‍ കൂടുതലും രാജസ്ഥാന്‍ റോയല്‍സിനായാണ് താരം കളിച്ചത്. 

മുംബൈ ഇന്ത്യന്‍സിനായും നേരത്തെ ധവാല്‍ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ലയണ്‍സിനായും താരം കളിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com