"അച്ഛൻ മരിച്ചപ്പോൾ ഒന്നുമില്ലാതായി, എനിക്കുവേണ്ടി ചേട്ടൻ ഗെയിം ഉപേക്ഷിച്ചു"; കഷ്ടപ്പാട് നിറഞ്ഞ ഭൂതകാലം പ്രചോദനമാണെന്ന് അചിന്ത ഷിവലി 

73-കിലോ ഭാരദ്വഹനത്തിൽ ആകെ 313 കിലോ ഉയർത്തി റെക്കോർഡോടെയാണ് അചിന്ത ഷിവലി സ്വർണം നേടിയത്
അചിന്ത ഷിവലി
അചിന്ത ഷിവലി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി മൂന്നാം സ്വർണം കുറിച്ചത് 20കാരനായ അചിന്ത ഷിവലിയാണ്. സുവർണ്ണനേട്ടം സ്വന്തമാക്കി സന്തോഷത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും അചിന്തയുടെ മനസ്സിൽ നിറഞ്ഞത് അച്ഛനും സഹോദരനും മാത്രമാണ്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാം ത്യജിച്ചവരാണ് അവർ ഇരുവരും എന്നാണ് താരത്തിന്റെ വാക്കുകൾ. 

"2013-ൽ, ഞാൻ ദേശീയ ക്യാമ്പിൽ ചേർന്നു, ഞാൻ അത് ഒരുപാട് ആസ്വദിച്ചിരുന്നു. അതേ വർഷം എന്റെ അച്ഛൻ മരിച്ചു. അതോടെ പിന്തുണയില്ലാതായി. പക്ഷെ എനിക്കുവേണ്ടി എന്റെ സഹോദരൻ ഗെയിം ഉപേക്ഷിച്ചു. ഒരാൾക്ക് സ്പോർട്സിൽ നിന്ന് ഒരു കരിയർ ഉണ്ടാക്കാം എന്ന് ചേട്ടനാണ് എന്നെ പറഞ്ഞു മനസ്സിലാക്കിയത്. പിന്നെ ഞാൻ കഠിനാധ്വാനം ചെയ്തുതുടങ്ങി. 2015ൽ ഞാൻ നാഷണൽ ​ഗെയിംസിൽ വെങ്കലം നേടി", അചിന്ത പറഞ്ഞു. 

കഷ്ടപ്പാടുകള്‍ നിറഞ്ഞ ഭൂതകാലമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് അചിന്ത പറയുന്നു. "എനിക്ക് എന്തൊക്കെ തിരിച്ചടികള്‍ ഉണ്ടായാലും അതൊന്നും അത്രത്തോളം പ്രയാസമേറിയതായിരിക്കില്ലെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ ഒരുപാട് ദുരിതത്തിലായി. അതുവരെ എനിക്കോ ചേട്ടനോ അമ്മയ്‌ക്കോ ഒന്നും അറിയണ്ടായിരുന്നു. പക്ഷെ അതുകഴിഞ്ഞ് ഞാന്‍ ജോലി ചെയ്തു, നന്നായി പരിശീലിച്ചു, ഉറങ്ങും എഴുന്നേല്‍ക്കും വീണ്ടും ജോലി ചെയ്യും അങ്ങനെയായിരുന്നു. അമ്മയെ എബ്രോയിഡറി ജോലികളില്‍ ഞാന്‍ സഹായിക്കുമായിരുന്നു", അചിന്ത പറഞ്ഞു. 

"എനിക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ എന്നും രാവിലെ 6:30ക്ക് എഴുന്നേല്‍ക്കും ഒന്‍പത് മണിവരെ ജോലി ചെയ്യും. അതുകഴിഞ്ഞ് 9:30 മുതല്‍ 10:15 വരെ ട്രെയിനിങ് ചെയ്യും. അതുകഴിഞ്ഞാണ് സ്‌കൂളില്‍ പോകുന്നത്. വൈകിട്ട് തിരിച്ചെത്തിക്കഴിഞ്ഞാല്‍ നേരെ പരിശീലനത്തിനായി പോകും. പിന്നെ രാത്രി എട്ട് മണിക്കാണ് തിരിച്ചെത്തുക", അചിന്ത ഓർത്തെടുത്തു.

പുരുഷൻമാരുടെ 73-കിലോ ഭാരദ്വഹനത്തിൽ ആകെ 313 കിലോ ഉയർത്തി റെക്കോർഡോടെയാണ് അചിന്ത ഷിവലി സ്വർണം നേടിയത്. ഫൈനലിൽ മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനെ പിന്തള്ളിയാണ് അചിന്തയുടെ നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com