ബർമിങ്ഹാം: ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീണു. ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇക്കുറി നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. 2018ൽ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
67 സ്വർണം, 57 വെള്ളി,54 വെങ്കലം എന്നിങ്ങനെ 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 57 സ്വർണമടക്കം 66 വെള്ളിയും 53 വെങ്കലവും നേടി ആകെ 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. 26 സ്വർണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകൾ നേടി കാനഡയാണ് മൂന്നാമത്.
അവസാനദിവമായ ഇന്നലെ മാത്രം ഇന്ത്യ നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ബാഡ്മിന്റണിൽ ഹാട്രിക് സ്വർണനേട്ടമാണ് ഇന്ത്യൻ താരങ്ങൾ സമ്മാനിച്ചത്. പി വി സിന്ധുവും, ലക്ഷ്യ സെന്നും യഥാക്രമം വനിതകളുടെ സിംഗിൾസിലും പുരുഷ സിംഗിൾസിലും സ്വർണം നേടിയപ്പോൾ സാത്വിക്-ചിരാഗ് സഖ്യം ഡബിൾസിൽ സ്വർണനേട്ടം സ്വന്തമാക്കി. ടേബിൾ ടെന്നിസിൽ അജന്ത ശരത് കമാൽ സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിൽ വെങ്കല നേട്ടവും ഇന്ത്യക്കാണ്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യയുടെ സത്തിയൻ ജ്ഞാനശേഖരൻ വിജയിച്ചു.
അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കലാശപോരാച്ചത്തിൽ ഓസ്‌ട്രേലിയയോട് 7-0ന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയ ഏഴാം കോമൺവെൽത്ത് ഹോക്കി സ്വർണമാണിത്. ഇന്ത്യക്കാകട്ടെ ഇത് മൂന്നാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. 2010ലും 2014ലും ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയക്ക് മുന്നിൽ അടിയറവുപറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates