'അത്ഭുതപ്പെടുത്തുന്ന നേട്ടം, വിരാട് നിങ്ങളെ ഓർത്ത് അഭിമാനം'- കോഹ്‌ലിക്ക് ആശംസകൾ നേർന്ന് ഡിവില്ല്യേഴ്സും ഡുപ്ലെസിയും

99 ടി20 മത്സരങ്ങളിൽ നിന്ന് 50.12 ശരാശരിയോടെ കോഹ്‌ലി 3308 റണ്‍സ് നേടിയിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്:ഇന്ത്യ- പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് ആരാധകർ കാത്തിരിക്കുമ്പോൾ എല്ലാ കണ്ണുകളും ചെല്ലുന്നത് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയിലേക്കാണ്. ഇന്ന് കോഹ്‌ലി കരിയറിലെ തന്റെ 100ാം ടി20 പോരാട്ടത്തിനാണ് ഇറങ്ങാൻ പോകുന്നത്. മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും കോഹ്‌ലി ഇതോടെ മാറും. 

100ാം മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുന്ന കോഹ്‌ലിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ഫാഫ് ഡുപ്ലെസിയും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇരുവരും കോഹ്‌ലിക്ക് ആശംസയറിയിച്ചത്. 

മൂന്ന് ഫോര്‍മാറ്റിലുമായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുന്ന തന്റെ നല്ല സുഹൃത്ത് വിരാട് കോഹ്‌ലിയെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്ന് പറഞ്ഞാണ് ഡിവില്ല്യേഴ്സ് ആശംസകൾ നേർന്നത്. 

'വിരാട്, എന്തൊരു അദ്ഭുതകരമായ നേട്ടമാണിത്. ഞങ്ങളെല്ലാം നിങ്ങളെചൊല്ലി അഭിമാനിക്കുന്നു. നിങ്ങളുടെ 100-ാം രാജ്യാന്തര ട്വന്റി 20 മത്സരത്തിന് എല്ലാ ആശംസകളും' - ഡിവില്ലിയേഴ്‌സ് പറഞ്ഞു.

'ഹേ വിരാട് നിങ്ങളുടെ 100ാം അന്താരാഷ്ട്ര ടി20 മത്സരത്തിന് അഭിനന്ദനങ്ങള്‍. മാത്രമല്ല മൂന്ന് ഫോര്‍മാറ്റുകളിലുമായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നേട്ടത്തിനും ആശംസകള്‍. നിങ്ങള്‍ ചെയ്ത അത്ഭുതകരമായ കാര്യങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു നേട്ടം കൂടി' - ഡുപ്ലെസി പറഞ്ഞു.

99 ടി20 മത്സരങ്ങളിൽ നിന്ന് 50.12 ശരാശരിയോടെ കോഹ്‌ലി 3308 റണ്‍സ് നേടിയിട്ടുണ്ട്. 30 അര്‍ധ സെഞ്ച്വറികളും കണ്ടെത്തി. ഉയര്‍ന്ന സ്‌കോര്‍ 94 നോട്ടൗട്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com