പോര്‍വിളിയൊക്കെ പണ്ട്; റിസ്വാനെ കെട്ടിപ്പിടിക്കുന്ന ഹര്‍ദിക്; ജഡേജയുടെ പുറത്ത് തട്ടുന്ന ഹാരിസ്;  ഇന്ത്യ- പാക് പോരിലെ പുതിയ കാഴ്ചകള്‍

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് ഐസിസി പോരാട്ടങ്ങളിലും മറ്റും മാത്രമായി ചുരുങ്ങിയതോടെ താരങ്ങളുടെ സമീപനവും മാറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരെ സംബന്ധിച്ച് ആവേശകരമായ അനുഭവമാണ്. മത്സരത്തിന്റെ ആവേശം മുന്‍കാലങ്ങളില്‍ പലപ്പോഴും അതിരുവിടാറുമുണ്ട്. ഇരു ടീമിലേയും താരങ്ങള്‍ തമ്മിലുള്ള പോര്‍വിളികളും സ്ലഡ്ജിങ്ങുകളും മറ്റുമായുള്ള ഉരസലുകളും ആരാധകര്‍ ഗ്രൗണ്ടില്‍ ഏറെ കണ്ടിട്ടുണ്ട്. 

ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയുള്ള മിയാന്‍ദാദിന്റെ ചേഷ്ടകളും അമീര്‍ സുഹൈല്‍ ബൗണ്ടറി നേടിയ ശേഷം വെങ്കിടേഷ് പ്രസാദിനെ പ്രകോപിപ്പിക്കുന്നതും വിക്കറ്റെടുത്ത് അതിനെതിരെയുള്ള പ്രസാദിന്റെ മറുപടിയും ഗംഭീര്‍- ഷാഹിദ് അഫ്രീദി തര്‍ക്കവുമൊക്കെ ആരാധകര്‍ ഒരിക്കലും മറക്കാത്ത ഇന്ത്യ- പാക് പോരിലെ വിവാദ നിമിഷങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം രംഗങ്ങളല്ല ഇന്ത്യ- പാക് പോരില്‍ ഗ്രൗണ്ടില്‍ കാണുന്നത്. പരസ്പരം ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചും സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ടും പോരാടുന്ന താരങ്ങളാണ് മൈതാനത്തെ കാഴ്ചകള്‍. 

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് ഐസിസി പോരാട്ടങ്ങളിലും മറ്റും മാത്രമായി ചുരുങ്ങിയതോടെ താരങ്ങളുടെ സമീപനവും മാറി. ഏറ്റവും സൗഹാര്‍ദപരമായ കൊടുക്കല്‍ വാങ്ങലുകളാണ് കളത്തെ ഹൃദ്യമാക്കുന്നത്. അത്തരം നിമിഷങ്ങള്‍ ഏഷ്യാ കപ്പിലെ പോരാട്ടത്തിലും കാണാന്‍ കഴിഞ്ഞു. 

അതിലൊന്നാണ് ഇന്ത്യന്‍ ജയത്തിലെ നിര്‍ണായക താരമായ ഹര്‍ദിക് പാണ്ഡ്യയും പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും തമ്മിലുള്ള നിമിഷങ്ങള്‍. ബാറ്റിങിനിടെ റണ്‍സ് പൂര്‍ത്തിയാക്കി ക്രീസിലേക്ക് മടങ്ങും മുന്‍പ് റിസ്വാനെ പിന്നിലൂടെ ചെന്ന് കഴുത്തില്‍ കൈയിട്ട് ഹര്‍ദിക് പണ്ഡ്യ തന്നോട് ചേര്‍ത്തു നിര്‍ത്തിയ നിമിഷമാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മറ്റൊരു നിമിഷം രവീന്ദ്ര ജഡേജയും ഹാരിസ് റൗഫും തമ്മിലായിരുന്നു. പന്ത് നോക്കി റണ്ണിനായി ഓടുന്നതിനിടെ ജഡേജ ബൗള്‍ ചെയ്ത് ക്രീസില്‍ നില്‍ക്കുകയായിരുന്ന റൗഫിനെ കണ്ടില്ല. ജഡേജയും റൗഫും തമ്മില്‍ കൂട്ടിയിടിക്കുന്നു. അപ്രതീക്ഷിതമായ ഇടിയില്‍ റൗഫിന് വേദനിച്ചതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇരു താരങ്ങളും പരസ്പരം പുറത്ത് തട്ടി രംഗത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുകയാണ് ഉണ്ടായത്. 

പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നുതന്നെ പുറത്തായ താരമാണ് പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. പാകിസ്ഥാന്റെ നെടുംതൂണായ താരം പക്ഷേ ടീമിനൊപ്പം യുഎഇയില്‍ എത്തിയിരുന്നു. പോരിന് മുന്‍പ് ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, ഋഷഭ് പന്ത് എന്നിവര്‍ അഫ്രീദിയെ കണ്ട് കുശലം പറയുന്നതിന്റെ വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ടിലുള്ള നിമിഷങ്ങളും ആരാധകര്‍ ഏറ്റെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com