ഉദിച്ചുയർന്ന് ജപ്പാൻ, സ്പെയിനിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ; ജർമനി പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2022 06:55 AM |
Last Updated: 02nd December 2022 06:55 AM | A+A A- |

ജപ്പാന്റെ ജയം ആഘോഷിച്ച് ആരാധകർ/ ചിത്രം: ട്വിറ്റർ
ദോഹ: അട്ടിമറികൾക്ക് അവസാനമില്ലാതെ തുടരുകയാണ് ഖത്തർ ലോകകപ്പ്. ഇന്നലെ നടന്ന മത്സരത്തിൽ സ്പെയിനിനെ തോൽപ്പിച്ച് അവസാന പതിനാറിലേയ്ക്ക് രാജകീയമായി എഴുന്നള്ളിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്ടുകാർ. ഗ്രൂപ്പ് ഇ യിൽ നിന്ന് ചാമ്പ്യൻമാരായാണ് ജപ്പാന്റെ പ്രീ ക്വാർട്ടർ എൻട്രി. സ്പെയിനിനെതിരെ 2-1ന്റെ ജയമാണ് ജപ്പാൻ സ്വന്തമാക്കിയത്. നിർണായകമായ മത്സരത്തിൽ കോസ്റ്റാ റിക്കയെ 4-2ന് പരാജയപ്പെടുത്തിയെങ്കിലും ജർമനി പുറത്തായി. ജപ്പാനോട് തോറ്റെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിൻറെ കരുത്തിൽ സ്പെയിൻ ഗ്രൂപ്പിൽ രണ്ടാമൻമാരായി പ്രീ ക്വാർട്ടറിലെത്തി. നേരത്തെ കോസ്റ്റോറിക്കയെ 7-0ന് തോൽപ്പിച്ചതാണ് സ്പെയിനിനെ തുണച്ചത്.
ഇതാദ്യമായാണ് ജപ്പാൻ തുടർച്ചയായ ലോകകപ്പുകളിൽ പ്രീ ക്വാർട്ടറിലെത്തുന്നത്. ജർമനിയാകട്ടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി.
ജയിച്ചിട്ടും പുറത്തേക്ക്
കോസ്റ്റാ റിക്കക്കെതിരെ വമ്പൻ ജയം ലക്ഷ്യമിട്ടാണ് ജർമനി ഇന്നലെ കളത്തിലിറങ്ങിയത്. പത്താം മിനിറ്റിൽ തന്നെ ജർമനിയുടെ സെർജ് ഗ്നാബ്രിയിലൂടെ ആദ്യ ഗോൾ പിറന്നു. ഗോൾ മഴ പ്രതീക്ഷിച്ചെത്തിയ ആരാധകർ പക്ഷെ നിരാശപ്പെട്ടു. ആദ്യ പകുതിയിൽ ജർമനിയെ കൂടുതൽ ഗോളടിക്കാൻ കോസ്റ്റാ റിക്ക അനുവദിച്ചില്ല. രണ്ടാം പകുതിയിലാകട്ടെ യെൽസിൻ ജേഡയിലൂടെ കോസ്റ്റാ റിക്ക സമനില ഗോൾ നേടുകയും ചെയ്തു. 58-ാം മിനിറ്റിലായിരുന്നു ഇത്. 70-ാം മിനിറ്റിൽ യുവാൻ പാബ്ലോ വർഗാസ് കോസ്റ്റാ റിക്കയെ മുന്നിലെത്തിച്ചു. ഇതോടെ മറ്റൊരു അട്ടിമറിയിലേക്കാണോ മത്സരം നീങ്ങുന്നതെന്നുപോലും സംശയിച്ചു. പക്ഷെ മൂന്ന് മിനിറ്റുകൾക്കകം കയ് ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി. കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളിലൂടെ ജർമനി ജയം ഉറപ്പിച്ചു. ഹാവെർട്സാണ് ഗോളടിച്ചത്. 89-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ് ഒരു ഗോൾ കൂടി നേടി ജർമനിക്ക് ആധികാരിക ജയം സമ്മാനിച്ചു. പക്ഷെ ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ പുറത്താകേണ്ടിവന്നിരിക്കുകയാണ് ജർമനിക്ക്.
ജപ്പാൻ ഉണർന്നു, സ്പെയിൻ വീണു
സ്പെയിനിനെ വീഴ്ത്തി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമനായിരിക്കുകയാണ് ജപ്പാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ സ്പെയിൻ ഒരു ഗോൾ നേടി ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ടാ പകുതിയിൽ രണ്ട് ഗോളുകൾ മടക്കിയാണ് ജപ്പാൻ ജയമുറപ്പിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റിൽ ആൽവാരോ മൊറാട്ടയാണ് സ്പെയിനുവേണ്ടി ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജപ്പാൻ ഉണർന്നു. രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിൻറെ ഇടവേളയിൽ രണ്ട് ഗോളടിച്ച് ജപ്പാൻ ഞെട്ടിച്ചു. 49-ാം മിനിറ്റിൽ റിറ്റ്സു ഡോവൻ ജപ്പാൻറെ സമനില ഗോൾ നേടി. ഒരു മിനിറ്റിനകം ജപ്പാൻ ലീഡെടുത്തു. ഓ ടനാകയാണ് ജപ്പാനെ മുന്നിലെത്തിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആദ്യ ദിനം 500 റണ്‍സ്, നാല് സെഞ്ചുറി; റാവല്‍പിണ്ടിയില്‍ 'ബാസ്‌ബോള്‍ ബ്ലാസ്റ്റ്'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ