ദോഹ: വൻ അട്ടിമറികൾ നടത്തി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച ജപ്പാൻ ഇന്ന് കളത്തിൽ. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയാണ് അവരുടെ എതിരാളികൾ. അത്ഭുത പ്രകടനവുമായി മുന്നേറിയ ദക്ഷിണ കൊറിയയും ഇന്ന് കളത്തിലെത്തും. കരുത്തരായ ബ്രസീലാണ് എതിരാളികൾ. ഇരു ടീമുകളും അട്ടമിറി തുടരുമോ എന്നാണ് ഫുട്ബോൾ ലോകത്തിന്റെ ആകാംക്ഷ. ജപ്പാൻ- ക്രൊയേഷ്യ മത്സരം രാത്രി 8.30നും ബ്രസീൽ- കൊറിയ പോരാട്ടം രാത്രി 12.30നും നടക്കും.
കിരീട ഫേവറിറ്റുകളായിരുന്ന ജർമനിയേയും പിന്നാലെ സ്പെയിനിനേയും അട്ടിമറിച്ചതിന്റെ വൻ ആത്മവിശ്വാസത്തിലാണ് ഏഷ്യൻ കരുത്തരായ ജപ്പാൻ ഇറങ്ങുന്നത്. പരിശീലകൻ ഹജിമെ മൊരിയാസുവിന്റെ സവിശേഷമായ തന്ത്രങ്ങളാണ് ജപ്പാന്റെ കളിയെ വ്യത്യസ്തമാക്കുന്നത്. ആ തന്ത്രങ്ങളെയാണ് എതിരാളികൾ ഇപ്പോൾ ഭയക്കുന്നത്. മികച്ച പാസിങും പന്തടക്കം പ്രദർശിപ്പിച്ച് കളിക്കുന്ന ജർമനിയേയും സ്പെയിനിനേയും അട്ടിമറിച്ച രീതി തന്നെയാണ് ആ തന്ത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഈ രണ്ട് മത്സരത്തിലും പൊസഷനും പാസിങും അത്രയും കുറവായിട്ടും ജയിച്ചത് ജപ്പാനായിരുന്നു.
ഒരു ഗോൾ വഴങ്ങിയാലും രണ്ടെണ്ണം തിരിച്ചടിച്ച് വിജയിക്കുക എന്നതാണ് ജപ്പാനെ പോലെ ക്രൊയേഷ്യയും പയറ്റുന്ന തന്ത്രം. മുൻപ് മൂന്ന് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇരു പക്ഷവും ഓരോ ജയം നേടി. ഒരു മത്സരം സമനിലയിലായി. ജപ്പാന്‍ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായാണ് എത്തുന്നത്.
മുൻപ് മൂന്ന് തവണ പ്രീ ക്വാര്‍ട്ടറിലെത്തിയ ജപ്പാന്‍ മൂന്ന് തവണയും തോറ്റു മടങ്ങി. ജപ്പാന്‍ 3-4-3 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. ടീമിനെ പരിക്ക് അലട്ടുന്നില്ല. തോല്‍വിയറിയാതെ ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ എത്തിയത്. കഴിഞ്ഞ 10 മത്സരങ്ങളില്‍ ക്രൊയേഷ്യ ഒൻപതും തോൽക്കാതെയാണ് എത്തുന്നത്. രണ്ട് തവണ നോക്കൗട്ട് ഘട്ടത്തില്‍ കടന്നപ്പോഴും ക്രൊയേഷ്യ തോൽവി അറിഞ്ഞിട്ടില്ല.
ഏഴ് തവണയാണ് ബ്രസീലും ദക്ഷിണ കൊറിയയും നേർക്കുനേർ വന്നത്. ഒരു തവണ കൊറിയ അട്ടിമറി വിജയം സ്വന്തമാക്കിയപ്പോൾ ആറ് തവണയും സെലക്കാവോകൾ വിജയം തൊട്ടു.
നെയ്മർ കളിച്ചേക്കും
അവസാന മത്സരത്തില്‍ കാമറൂണിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ബ്രസീൽ. പോർച്ചുഗലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊറിയ ഇറങ്ങുന്നത്.
പരിക്കാണ് ബ്രസീലിന് പ്രധാന പ്രശ്‌നം. അലക്‌സ് സാന്‍ഡ്രോ, ഡാനിലോ എന്നിവരുടെ കാര്യം സംശയത്തിലാണ്. പരിക്കുള്ള ഗബ്രിയേല്‍ ജെസ്യൂസും അലക്‌സ് ടെല്ലസും പുറത്തായിക്കഴിഞ്ഞു.
ആദ്യ കളിയില്‍ കണങ്കാലിനു പരിക്കേറ്റ് പുറത്തുപോയ നെയ്മര്‍ തിങ്കളാഴ്ച പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. നെയ്മര്‍ കളിക്കാനിറങ്ങുമെന്ന് പരിശീലകന്‍ ടിറ്റെ ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. നെയ്മര്‍ അവസാനവട്ട പരിശീലനത്തിനിറങ്ങുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ടിറ്റെ പറഞ്ഞു. ഒരു പക്ഷേ താരത്തെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താതെ കളിയുടെ ഗതി അനുസരിച്ച് പകരക്കാരനാക്കാനും സാധ്യതയുണ്ട്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates