കുല്‍ദീപിന്റെ സ്പിന്‍, സിറാജിന്റെ പേസ്; സ്വന്തം മണ്ണില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ ബംഗ്ലാദേശ്; തകര്‍ന്നടിഞ്ഞു

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 404 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബം​​ഗ്ലാദേശ് സ്വന്തം മണ്ണില്‍ പക്ഷേ തകര്‍ന്നടിഞ്ഞു
കുൽദീപ് യാ​​ദവ്, കെഎൽ രാഹുൽ/ പിടിഐ
കുൽദീപ് യാ​​ദവ്, കെഎൽ രാഹുൽ/ പിടിഐ

ചിറ്റൊഗ്രാം: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരുന്ന അവര്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 404 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബം​​ഗ്ലാദേശ് സ്വന്തം മണ്ണില്‍ പക്ഷേ തകര്‍ന്നടിഞ്ഞു. രണ്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ബംഗ്ലാദേശിന് 271 റണ്‍സ് കൂടി വേണം. 

നാല് വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. പത്ത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് തിളങ്ങിയത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവ് ഒരു വിക്കറ്റെടുത്തു. 

28 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹിം ആണ് ടോപ് സ്‌കോറര്‍. ലിറ്റന്‍ ദാസ് 24 റണ്‍സും സക്കിര്‍ ഹസന്‍ 20 റണ്‍സുമെടുത്തു. സാക്കിര്‍ ഹസ്സന്‍ (20), യാസിര്‍ അലി (4), ഷാക്കിബ് അല്‍ ഹസ്സന്‍ (3), നൂറുല്‍ ഹസന്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 16 റണ്‍സുമായി മെഹ്ദി ഹസ്സനും 13 റണ്‍സ് നേടി ഇബാദത് ഹൊസെയ്‌നും പുറത്താവാതെ നില്‍ക്കുന്നു.

വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ നജ്മുല്‍ ഷാന്റോയെ മടക്കി മുഹമ്മദ് സിറാജ് ഞെട്ടിച്ചു. പിന്നാലെ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. 

278 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 404 റണ്‍സിന് ഓള്‍ ഔട്ടായി. 90 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 86 റണ്‍സെടുത്ത ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റത്ത് മികച്ച ബാറ്റിങുമായി കളം നിറഞ്ഞ രവിചന്ദ്ര അശ്വിനും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചത്. അശ്വിന്‍ 58 റണ്‍സും കുല്‍ദീപ് 40 റണ്‍സും നേടി. ഋഷഭ് പന്ത് 46 റണ്‍സെടുത്തു. 

ബംഗ്ലാദേശിനായി മെഹ്ദി ഹസ്സനും തൈജുല്‍ ഇസ്ലാമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇബാദത് ഹൊസെയ്‌നും ഖാലിദ് അഹമ്മദും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com