'ലോകം ഞങ്ങളെ ഓര്‍ക്കണം, ചരിത്രത്തിലെ ഏറ്റവും മികച്ച ആഫ്രിക്കന്‍ ടീമെന്ന നിലയില്‍'

പരിശീലകനെന്ന നിലയില്‍ റെഗ്‌റോഗിക്കാണ് മൊറോക്കോയുടെ മുന്നേറ്റത്തിന്റെ എല്ലാ ക്രെഡിറ്റും നല്‍കേണ്ടത്. എന്നാല്‍ തനിക്ക് അതൊന്നും ആവശ്യമില്ലെന്നാണ് റെഗ്‌റോഗി കരുതുന്നത്
റെ​ഗ്റോ​ഗിയെ എടുത്തുയർത്തി ആഘോഷിക്കുന്ന മൊറോക്കോ ടീം/ ട്വിറ്റർ
റെ​ഗ്റോ​ഗിയെ എടുത്തുയർത്തി ആഘോഷിക്കുന്ന മൊറോക്കോ ടീം/ ട്വിറ്റർ

ദോഹ: ലോകകപ്പില്‍ സെമി വരെ എത്തുന്ന ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നുള്ള ആദ്യ ടീം എന്ന പെരുമയാണ് ഖത്തറില്‍ മൊറോക്കോ സ്വന്തമാക്കിയത്. വമ്പന്‍ അട്ടിമറികളിലൂടെ അത്ഭുത മുന്നേറ്റം നടത്തിയ അവര്‍ ഇന്ന് മൂന്നാം സ്ഥാന പോരിനായി ക്രൊയേഷ്യയെ നേരിടാനൊരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അവരുടെ മുന്നേറ്റങ്ങളുടെ ചാലക ശക്തിയായ പരിശീലകന്‍ വലീദ് റെഗ്‌റോഗി തന്റെ ഉള്ളിലെ ആഗ്രഹം പറയുകയാണ്. 

ആഫ്രിക്കയില്‍ നിന്നുള്ള എക്കാലത്തേയും മികച്ച ടീമെന്ന നിലയില്‍ മൊറോക്കോ എല്ലാ കാലത്തും ഓര്‍ക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് റെഗ്‌റോഗി പറയുന്നു. ടീമിന്റെ അമ്പരപ്പിക്കുന്ന പ്രകടവും താരങ്ങളുടെ മനോഭാവവും മനുഷ്യത്വപരമായ സമീപനങ്ങളുമടക്കം ഉള്‍പ്പെടെ ഓര്‍ക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. 

ഫ്രാന്‍സുമായുള്ള സെമിയില്‍ 2-0ത്തിനാണ് മൊറോക്കോ പൊരുതി വീണത്. ഫൈനലിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ടീമുകളെ മലര്‍ത്തിയടിച്ചതിന്റെ പെരുമയുമായി തലയുയര്‍ത്തിയാണ് അവര്‍ ഇന്ന് മൂന്നാം സ്ഥാന പോരിന് ഇറങ്ങാന്‍ ഒരുങ്ങുന്നത്. 

'ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ് ഞങ്ങളുടേത്. ചരിത്രത്തിലെ ഏറ്റവും മികച്ച ആഫ്രിക്കന്‍ ടീം ഞങ്ങള്‍ തന്നെയാണ്. ലോകകപ്പിലെ ഞങ്ങളുടെ മത്സര ഫലങ്ങള്‍ അതിന് അടിവരയിടുന്നു. സെമിയില്‍ എത്തിയതു കൊണ്ടു മാത്രമല്ല ഞങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ആഫ്രിക്കന്‍ ടീമാകുന്നത്. ഞങ്ങള്‍ യൂറോപ്പിലെ വമ്പന്‍ ടീമുകളെയാണ് പരാജയപ്പെടുത്തിയത്.' 

'വമ്പന്‍ ടീമുകളെ ഞങ്ങള്‍ പരാജയപ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്ചര്യമുണ്ടാക്കി. മാത്രമല്ല മൊറോക്കോക്കാര്‍ക്ക് ഒരുപാട് മൂല്യങ്ങളുണ്ടെന്നും ഞങ്ങള്‍ തെളിയിച്ചു. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാനുഷിക മൂല്യങ്ങളും മനോഭാവവും ആളുകള്‍ എക്കാലവും സ്മരിക്കും'- റെഗ്‌റോഗി വ്യക്തമാക്കി. 

പരിശീലകനെന്ന നിലയില്‍ റെഗ്‌റോഗിക്കാണ് മൊറോക്കോയുടെ മുന്നേറ്റത്തിന്റെ എല്ലാ ക്രെഡിറ്റും നല്‍കേണ്ടത്. എന്നാല്‍ തനിക്ക് അതൊന്നും ആവശ്യമില്ലെന്നാണ് റെഗ്‌റോഗി കരുതുന്നത്. ടീമില്‍ കളിക്കാര്‍ക്ക് തന്നെയാണ് പ്രാധാന്യമെന്ന് അദ്ദേഹം അടിവരയിടുന്നു. ഒരു ജനതയ്ക്കും പതാകയ്ക്കും വേണ്ടിയാണ് അവര്‍ പോരാടുന്നതെന്ന ബോധ്യം താരങ്ങള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

'എന്നെ കുറിച്ച് ആളുകള്‍ എന്തു കരുതുന്നു എന്നത് എനിക്ക് വിഷയമേ അല്ല. രാജ്യത്തെക്കുറിച്ചും കളിക്കാരെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടാണ് പരമ പ്രധാനം. ക്രൊയേഷ്യയെ കീഴടക്കി മൂന്നാം സ്ഥാനം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. മൂന്നാം സ്ഥാനം എന്നാല്‍ ഉയര്‍ന്ന നിലയിലാണ്. രാജ്യത്തെയും താരങ്ങളെയും സംബന്ധിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റിന് വിരാമിടാനാണ് അഗ്രഹിക്കുന്നത്. മൂന്നാം സ്ഥാനം കിട്ടാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പ്'- റെഗ്‌റോഗി കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com