റിയോ ഡി ജനീറോ: ഫുട്‌ബോള്‍ രാജ്യത്തെ രാജകുമാരന്മാര്‍ക്കിടയിലെ ഒരേയൊരു രാജാവാണ് വിടവാങ്ങിയത്. ലോകത്തെ മികച്ച ടീമുകളിലൊന്നായ ബ്രസീലിന് മൂന്നു തവണയാണ് പെലെ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ ലോകകിരീടം നേടിക്കൊടുത്തത്. പെലെയെ പോലെ കളിക്കുക എന്നാല്‍ ദൈവത്തെ പോലെ കളിക്കുക എന്നാണ് ഫ്രാന്‍സിന്റെ ഇതിഹാസ താരം മിഷേല്‍ പ്ലാറ്റിനി അഭിപ്രായപ്പെട്ടത്.
പെലെയുടെ മാന്ത്രികക്കാലുകള്‍ മൈതാനങ്ങളില്‍ ഇന്ദ്രജാലം വിരിയിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ബ്രസീലിന്റെ മാസ്മരിക കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിച്ചത്. എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയാണ്. ഫുട്‌ബോളിന്റെ രാജാവ് മൂന്നു തവണയാണ് മഞ്ഞപ്പടയെ ലോകകിരീടത്തില്‍ മുത്തമിടുവിച്ചത്. മൂന്നുവട്ടം ലോകകിരീടം നേടിയ ഫുട്‌ബോള്‍ താരമെന്ന ബഹുമതിയും പെലെയ്ക്ക് സ്വന്തം.
ദരിദ്ര കുടുംബത്തിലായിരുന്നു പെലെയുടെ ജനനം. ഇടത്തരം പൊഫഷണല്‍ ഫുട്‌ബോളറായ ജോവ റിമോസ് ഡൊ നാസിമെന്റോയുടെയുടെ മകനായിട്ടായിരുന്നു ജനനം. ജീവിതം കരുപ്പിടിപ്പിക്കാനായി നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള അലച്ചിലായിരുന്നു ജോവയുടേയും കുടുംബത്തിന്റേയും. ബൗറുവിലെ തെരുവീഥിയില്‍ പന്തുതട്ടി കൊച്ചു പെലെ ഫുട്‌ബോളിനോടുള്ള ഇഷ്ടം അറിയിച്ചു.
ഏഴാം വയസ്സു മുതല്‍ കാല്‍പ്പന്തുകൊണ്ട് ഇന്ദ്രജാലങ്ങള്‍ കാണിച്ച് കൊച്ചു പെലെ വളര്‍ന്നു. ഇതിനിടെ പരിക്കേറ്റ് പിതാവ് ജോവ കളിനിര്‍ത്തിയതോടെ, കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കൊച്ചു പെലെ റോഡു വക്കിലും റെയില്‍വേ സ്‌റ്റേഷനിലും ഷൂ പോളിഷുകാരനായി. ഷൂ പോളിഷ് കിറ്റുമായി നിരത്തുകളില്‍ അലയുമ്പോഴും ഫുട്‌ബോളിനോടുള്ള കമ്പം വിട്ടില്ല. ഒരു കയ്യില്‍ ഷൂ പോളിഷ് കിറ്റെങ്കില്‍, മറു കയ്യില്‍ ഫുട്‌ബോളും സന്തതസഹചാരിയായി.
നഗ്നപാദനായി തെരുവാരങ്ങളില്‍ കളിച്ചു. ബൗറു മേയര്‍ സ്‌പോണ്‍സര്‍ ചെയ്ത ബോയ്‌സ് ടൂര്‍ണമെന്റില്‍ കളിച്ചതാണ് നിര്‍ണായകമായത്. ഇതോടെ പതിനൊന്നാം വയസ്സില്‍ പെലെ എന്ന ഗോളടിയന്ത്രം പിറക്കുകയായിരുന്നു. പതിനഞ്ചാം വയസില്‍ പ്രശസ്ത ഫുട്‌ബോള്‍ ടീമായ സാന്റോസില്‍ പെലെ എത്തി. തുടര്‍ന്നങ്ങോട്ട് എല്ലാം ചരിത്രം. പ്രൊഫഷണലിസമോ കോച്ചിങ്ങിലെ സാങ്കേതികത്തികവോ ഇന്നത്തേതു പോലെ ഇല്ലാതിരുന്നൊരു കാലത്താണ് സ്വന്തം പ്രതിഭാശാലിത്വം കൊണ്ട് പെലെ എന്ന മാന്ത്രികന്‍ ഫുട്‌ബോള്‍ മൈതാനങ്ങളും, ജനഹൃദയങ്ങളും കീഴടക്കിയത്.
ചരിത്രത്തിലെ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരന്‍ ഡിസ്‌റ്റെഫാനോ ആണ്. പെലെയെ ഞാന്‍ കളിക്കാരനായി കൂട്ടുന്നില്ല, കാരണം അദ്ദേഹം അതിനേക്കാളുമൊക്കെ എത്രയോ ഉയരത്തിലാണ് എന്നായിരുന്നു ഹംഗറിയുടെ ഫുട്‌ബോള്‍ ഇതിഹാസം ഫെറങ്ക് പുഷ്‌കാസ് അഭിപ്രായപ്പെട്ടത്. പെലെയെ പോലെ സമ്പുര്‍ണമായ ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല, അഞ്ചടി എട്ടിഞ്ചില്‍ മൈതാനം നിറഞ്ഞു നില്‍ക്കുന്ന കളിക്കാരന്‍, രണ്ട് കാലു കൊണ്ട് തീര്‍ക്കുന്നത് ഇന്ദ്രജാലം എന്നായിരുന്നു പെലെയുടെ കളിയെക്കുറിച്ച് ഇംഗ്ലണ്ടിന്റെ ബോബി മൂര്‍ പറഞ്ഞത്. അതേസമയം താനൊരു സാധാരണ ഫുട്‌ബോള്‍ കളിക്കാരൻ മാത്രമാണെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പെലെയുടെ മറുപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
