'ക്രിസ്റ്റ്യാനോയുടെ പ്രായം എത്തുമ്പോള്‍ മെസി ഗോള്‍ കണ്ടെത്താന്‍ പ്രയാസപ്പെടും'; യുനൈറ്റഡ് താരത്തെ വാഴ്ത്തി ലെവന്‍ഡോസ്‌കി

ക്ലബുകള്‍ മാറുമ്പോഴും ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ വല കുലുക്കാന്‍ സാധിക്കുന്നു. മിക്ക മത്സരങ്ങളിലും ക്രിസ്റ്റിയാനോ ഗോളടിക്കുന്നു
മെസി, ക്രിസ്റ്റിയാനോ/ ഫോട്ടോ: എഎഫ്പി
മെസി, ക്രിസ്റ്റിയാനോ/ ഫോട്ടോ: എഎഫ്പി

മ്യൂണിക്ക്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രായമാവുമ്പോള്‍ മെസി ഗോള്‍ വല കുലുക്കാന്‍ പ്രയാസപ്പെടുമെന്ന് ബയേണിന്റെ മുന്നേറ്റ നിര താരം ലെവന്‍ഡോസ്‌കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലെവന്‍ഡോസ്‌കിയുടെ പ്രതികരണം. 

എന്നക്കാള്‍ മൂന്നര വയസ് മൂത്തതാണ് ക്രിസ്റ്റ്യാനോ. ഞാനും മെസിയും തമ്മില്‍ ഒന്നര വയസിന്റെ വ്യത്യാസം ഉണ്ട്. ക്ലബുകള്‍ മാറുമ്പോഴും ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ വല കുലുക്കാന്‍ സാധിക്കുന്നു. മിക്ക മത്സരങ്ങളിലും ക്രിസ്റ്റിയാനോ ഗോളടിക്കുന്നു. ക്രിസ്റ്റിയാനോയുടെ പ്രായം എത്തുമ്പോള്‍ മെസിയുടെ സ്‌കോറിങ്ങിന്റെ വേഗം കുറയും. ഗോള്‍ കണ്ടെത്താനായി മെസി പ്രയാസപ്പെടും, ലെവന്‍ഡോസ്‌കി പറയുന്നു. 

കലണ്ടര്‍ വര്‍ഷം 60 ഗോളൊന്നും നേടാന്‍ ഇനി ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞേക്കില്ല

ക്രിസ്റ്റ്യാനോ ക്ലബ് മാറുന്നു, തന്റെ തന്ത്രങ്ങള്‍ മാറ്റുന്നു. ക്രിസ്റ്റിയാനോയുടെ ടീം എല്ലായ്‌പ്പോഴും ജയിക്കുന്നില്ല. എന്നാല്‍ തന്റെ ടീം ബാലന്‍സ് കണ്ടെത്തുമ്പോള്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിലേക്ക് എത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് കഴിയുന്നു. കലണ്ടര്‍ വര്‍ഷം 60 ഗോളൊന്നും നേടാന്‍ ഇനി ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ 30,40 ഗോളുകള്‍ കണ്ടെത്താനാവും. 

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച ഫലമാണ് ഈ വര്‍ഷം എനിക്ക് ലഭിക്കുന്നത്. ഡാറ്റകള്‍ നോക്കുമ്പോള്‍ എന്റെ ഏറ്റവും മികച്ച ഫോം ഇനി വരാനിരിക്കുന്നതേയുള്ളു എന്ന് തോന്നുന്നു. രണ്ട് വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മികച്ച നിലയിലാണ് ഞാന്‍ ഇപ്പോള്‍, പോളിഷ് സ്‌ട്രൈക്കര്‍ പറഞ്ഞു. ബാലണ്‍ ഡി ഓറില്‍ മെസിക്ക് പിന്നില്‍ ലെവന്‍ഡോസ്‌കി രണ്ടാമത് എത്തിയിരുന്നു. പിന്നാലെ ഫിഫയുടെ ഈ വര്‍ഷത്തെ താരമായും ലെവന്‍ഡോസ്‌കി തെരഞ്ഞെടുക്കപ്പെട്ടു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വന്നതിന് ശേഷം 24 കളിയില്‍ നിന്ന് 14 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. റയലിലും യുവന്റ്‌സിലും മെസി നടത്തിയ ഗോള്‍വേട്ടയ്‌ക്കൊപ്പം ഇത് എത്തില്ല. എന്നാല്‍ മറുവശത്ത് മെസിയാവട്ടെ പിഎസ്ജിക്ക് വേണ്ടി ലീഗ് വണ്ണില്‍ ഇതുവരെ നേടിയത് ഒരു ഗോളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com