അഞ്ച് വിക്കറ്റെടുത്ത രാജ് ബവ/ ഫോട്ടോ: ട്വിറ്റർ
അഞ്ച് വിക്കറ്റെടുത്ത രാജ് ബവ/ ഫോട്ടോ: ട്വിറ്റർ

അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് ഇന്ത്യയുടെ ദൂരം 190 റണ്‍സ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് രാജ് ബവ, രവി കുമാര്‍

അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് ഇന്ത്യയുടെ ദൂരം 190 റണ്‍സ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് രാജ് ബവ, രവി കുമാര്‍

ആന്റിഗ്വ: അണ്ടര്‍19 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യന്‍ കൗമാരത്തിന് വേണ്ടത് 190 റണ്‍സ്. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 44.5 ഓവറില്‍ 189 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാക്ക് സാധിച്ചു. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ രാജ് ബാവ, നാല് വിക്കറ്റുകള്‍ പിഴുത രവി കുമാര്‍ എന്നിവരുടെ ബൗളിങാണ് ഇംഗ്ലീഷ് ടീമിനെ വെള്ളം കുടിപ്പിച്ചത്. ശേഷിച്ച ഒരു വിക്കറ്റ് കൗശല്‍ ടാംബെ നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തകര്‍ന്നു. 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജെയിംസ് റ്യു- ജെയിംസ് സലെസ് സഖ്യമാണ് ഈ നിലയിലെങ്കിലും സ്‌കോര്‍ എത്തിച്ചത്. 

ജെയിംസ് റ്യു ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരത്തിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. 116 പന്തുകള്‍ ചെറുത്ത് താരം 12 ഫോറുകള്‍ സഹിതം 95 റണ്‍സെടുത്തു. സാലെസ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവി കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ കളിയിലേക്ക് മടക്കിയെത്തിച്ചത്. താരം മടങ്ങിയതിന് പിന്നാലെ ഇംഗ്ലീഷ് ബാറ്റിങും ക്ഷണത്തില്‍ തീര്‍ന്നു. 

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ജേക്കബ് ബെതേലിനെ രവി കുമാര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അക്കൗണ്ട് തുറക്കും മുമ്പ് ടോം പ്രസിറ്റിനെയും മടക്കി രവി കുമാര്‍ വീണ്ടും ഇംഗ്ലണ്ടിനെ വെട്ടിലാക്കി. 

പിന്നീട് പന്തുമായി എത്തിയ രാജ് ബവയുടെ ഊഴമായിരുന്നു. വില്ല്യം ലക്സ്റ്റണ്‍ (4), ജോര്‍ജ് ബെല്‍ (0), ജോര്‍ജ് തോമസ് (27) എന്നിവരെ രാജ് ബവ പുറത്താക്കി ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. റെഹാന്‍ അഹമ്മദ് (10), അലക്‌സ് ഹോര്‍ടോണ്‍ (10) എന്നിവരും വേഗത്തില്‍ മടങ്ങി. പിന്നീടാണ് എട്ടാം വിക്കറ്റില്‍ ഇംഗ്ലണ്ട് തിരിച്ചു വന്നത്. 

സ്‌കോര്‍ 184ല്‍ എട്ടാം വിക്കറ്റായി റ്യു മടങ്ങിയതിന് പിന്നാലെ തോമസ് അസ്പിന്‍വാള്‍ (0), ജോഷ്വ ബൊയ്ഡന്‍ എന്നിവരെ യഥാക്രമം രവി കുമാര്‍, രാജ് ബവ എന്നിവര്‍ മടക്കിയതോടെ ഇംഗ്ലീഷ് ബാറ്റിങിനും തിരശ്ശീല വീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com