ആദ്യ ജയം അനായാസം; രോഹിത് നയിച്ചു; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

ആദ്യ ജയം അനായാസം; രോഹിത് നയിച്ചു; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 176 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 28 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 178 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സ്ഥിരം ക്യാപ്റ്റനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തന്നെ ഉജ്ജ്വല ബാറ്റിങുമായി ടീമിനെ ജയത്തിലേക്ക് നയിച്ച് ഗംഭീരമായി തന്നെ ഹിറ്റ്മാന്‍ തുടങ്ങി. 

51 പന്തുകള്‍ നേരിട്ട രോഹിത് പത്ത് ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സാണ് കണ്ടെത്തിയത്. രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്‍ 28 റണ്‍സില്‍ പുറത്തായി. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിങില്‍ 84 റണ്‍സ് ചേര്‍ക്കാന്‍ ഈ കൂട്ടുകെട്ടിനായി. 

സ്‌കോര്‍ 84ല്‍ നില്‍ക്കെ രോഹിത് മടങ്ങി. പിന്നാലെ എത്തിയ വിരാട് കോഹ്‌ലി നിരാശപ്പെടുത്തി. മുന്‍ നായകന്‍ നാല് പന്തില്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റായി ഇഷാന്‍ മടങ്ങി. നാലാമനായി എത്തിയ ഋഷഭ് പന്ത് 11 റണ്‍സുമായും കൂടാരം കയറി.

പിന്നീട് ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡയും ചേര്‍ന്ന് വലിയ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാര്‍ യാദവ് 34 റണ്‍സുമായും ഹൂഡ 26 റണ്‍സുമായും പുറത്താകാതെ നിന്നു. 

വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റെടുത്തു.  

നാല് വിക്കറ്റെടുത്ത് ചഹൽ; മൂന്ന് പേരെ മടക്കി വാഷിങ്ടൻ സുന്ദർ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 43.5 ഓവറില്‍ അവസാനിച്ചു. 57 റണ്‍സ് നേടിയ ഹോള്‍ഡറിന്റെ ഇന്നിങ്‌സ് ആണ് വെസ്റ്റ് ഇന്‍ഡീസിനെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 71 പന്തില്‍ നിന്ന് നാല് സിക്‌സിന്റെ അകമ്പടിയോടെയായിരുന്നു ഹോള്‍ഡറുടെ കളി. ഫാബിയാന്‍ അലനൊപ്പം ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്താന്‍ ഹോള്‍ഡറിനായി. ഇതാണ് വിന്‍ഡീസ് സ്‌കോര്‍ 150 കടത്തിയത്. 

നാല് വിക്കറ്റ് വീഴ്ത്തിയ ചഹലും മൂന്ന് വിക്കറ്റ് വീഴ്ത്തി വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയുമാണ് വിന്‍ഡീസ് ഇന്നിങ്‌സ് തകര്‍ത്തിട്ടത്. എട്ട് റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ മടക്കി മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 

പിന്നാലെ തന്റെ മൂന്നാമത്തെ ഓവറില്‍ രണ്ട് വട്ടമാണ് വാഷിങ്ടണ്‍ സുന്ദര്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രഹരിച്ചത്. ഇതോടെ 453 എന്ന നിലയിലേക്ക് വിന്‍ഡിസ് വീണു.കരകയറാന്‍ വിന്‍ഡീസ് ശ്രമിക്കുമ്പോള്‍ ചഹലിന്റെ ഇരട്ട പ്രഹരം. 12 റണ്‍സ് എടുത്ത ബ്രന്‍ഡന്‍ കിങ്ങിനെ വാഷിങ്ടണ്‍ സുന്ദര്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ ഡാരന്‍ ബ്രാവോയെ സുന്ദര്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.

ബ്രൂക്‌സിനൊപ്പം നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ നികോളാസ് പൂരന്‍ ശ്രമിച്ചപ്പോള്‍ ചഹലിന്റെ പ്രഹരം എത്തി. 18 റണ്‍സ് എടുത്ത പൂരനെ ചഹല്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ പൊള്ളാര്‍ഡിനെ ചഹല്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി.ഇതിന് ശേഷമാണ് ഫാബിയാന്‍ അലനും ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്‌സിനെ മാന്യമായ സ്‌കോറിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. 

എന്നാല്‍ അര്‍ധ ശതകം പിന്നിട്ട ഹോള്‍ഡറെ പ്രസിദ്ധ് കൃഷ്ണ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു. ഫാബിയാനെ വാഷിങ്ടണ്‍ സുന്ദറും അവസാന വിക്കറ്റായി അല്‍സാരി ജോസിനെ ചഹലും മടക്കിയതോടെ വിന്‍ഡീസ് ഇന്നിങ്‌സിന് തിരശീല വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com