അഹമ്മദാബാദ്: സ്ഥിരം നായകനായുള്ള അരങ്ങേറ്റം രോഹിത് ശർമ വിജയത്തോടെ തന്നെ ആഘോഷിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിൽ രോഹിതന്റെ ബാറ്റിങും നിർണായകമായി. ടീമിന്റെ ജയത്തിനൊപ്പം ആരാധകരെ സന്തോഷിപ്പിച്ച മറ്റൊരു കാഴ്ചയും ഗ്രൗണ്ടിൽ കണ്ടു.
ക്യാപ്റ്റൻസി വിവാദവും മറ്റും മാറ്റിനിർത്തി പുതിയ ക്യാപ്റ്റൻ രോഹിത്തിനൊപ്പം ഫീൽഡിൽ ഇടപെടുന്ന വിരാട് കോഹ്‌ലിയുടെ ചിത്രമാണ് ആരാധകരുടെ മനം കവർന്നത്. വിക്കറ്റ് വീഴുമ്പോൾ പഴയ ആവേശത്തോടെ ഓടിയെത്തുകയും താരങ്ങൾക്കും ക്യാപ്റ്റനുമൊപ്പം ആഹ്ലാദം പങ്കിട്ടും കളത്തിൽ സജീവമായി നിന്ന കോഹ്‌ലി ക്യാപ്റ്റൻ രോഹിത്തിനെ ഡിആർഎസ് എടുക്കാൻ നിർബന്ധിക്കുന്ന കാഴ്ചയും കണ്ടു. കോഹ്‌ലിയുടെ തീരുമാനം കൃത്യമായതോടെ ഇന്ത്യക്ക് ആറാം വിക്കറ്റും കിട്ടി.
ചഹൽ എറിഞ്ഞ 21ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്തിൽ ഷമാറ ബ്രൂക്ക്‌സിനെതിരേ ക്യാച്ചിനായി ചഹലിന്റെ അപ്പീൽ ഉയർന്നു. എന്നാൽ രോഹിത് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ ഋഷഭ് പന്തിന് വ്യക്തതയുണ്ടായിരുന്നില്ല. ഉടൻ തന്നെ ഓടിയെത്തിയ കോഹ്‌ലി രോഹിതിനോട് റിവ്യു എടുക്കാൻ ആവശ്യപ്പെട്ടു. കോഹ്‌ലിയുടെ നിരീക്ഷണം തെറ്റിയില്ല.
ഇരുവരും യോജിച്ച് നീങ്ങിയ കാഴ്ചയാണ് ആരാധകരെ സന്തോഷിപ്പിച്ചത്. മത്സരത്തിലെ മികച്ച കാഴ്ചകളിലൊന്നായിരുന്നു ഇതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates