പെചെറ്റിനോ പുറത്തേയ്ക്ക്, പിഎസ്ജിയെ പരിശീലിപ്പിക്കാന്‍ സിദാന്‍?

പെചെറ്റിനോ പുറത്തേയ്ക്ക്, പിഎസ്ജിയെ പരിശീലിപ്പിക്കാന്‍ സിദാന്‍?
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും പരിശീലകന്‍ മൗറീഷിയോ പെചെറ്റിനോയും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളായി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ അവസാനിക്കുന്നതോടെ അര്‍ജന്റീന പരിശീലകനെ ക്ലബ് പുറത്താക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പൊചെറ്റിനോയെ മുഖ്യ പരിശീലകനായി എത്തിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെയാണ് പിഎസ്ജി ക്ലബുമായുള്ള പരിശീലകന്റെ അസ്വാരസ്യങ്ങളും പുറത്തു വന്നിരിക്കുന്നത്. 

പൊചെറ്റിനോക്ക് പകരക്കാരനായി മുന്‍ റയല്‍ മാഡ്രിഡ് കോച്ചായിരുന്ന സിനദിന്‍ സിദാനെ പരിശീലകനായി എത്തിക്കാനാണ് പിഎസ്ജി നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സിദാന്‍ ഒരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല. സിദാന്‍ ആവശ്യപ്പെടുന്ന താരങ്ങളെ ടീമിലെത്തിക്കാനും ക്ലബ് പദ്ധതിയിടുന്നുണ്ട്. 

2021 ജനുവരിയില്‍ തോമസ് ടുഷെലിനെ പുറത്താക്കിയാണ് പൊചെറ്റിനോയെ പിഎസ്ജി പാളയത്തില്‍ എത്തിച്ചത്. രണ്ട് ആഭ്യന്തര കിരീടത്തിലേക്ക് ടീമിനെ അതിനു ശേഷം നയിക്കാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ സീസണില്‍ ലീഗ് കിരീടം നഷ്ടമായതും ഈ സീസണില്‍ മെസിയടക്കം നിരവധി സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ടീമിന്റെ മോശം പ്രകടനവും ഫ്രഞ്ച് കപ്പില്‍ നിന്നുള്ള പുറത്താകലുമെല്ലാം പൊചെറ്റിനോക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. 

കഴിഞ്ഞ സമ്മറില്‍ ടീമില്‍ നിന്ന് ഒരു താരത്തെയും ഒഴിവാക്കാന്‍ പൊചെറ്റിനോ സമ്മതിച്ചിരുന്നില്ല. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള, ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര സ്വന്തമായുള്ള ടീമാണ് പിഎസ്ജി. പക്ഷേ ഈ സ്‌ക്വാഡില്‍ നിന്ന് ഒരു ഇലവനെ കണ്ടെത്തി മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാന്‍ അര്‍ജന്റീന പരിശീലകന് സാധിച്ചില്ല. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടോട്ടനം ഹോസ്പര്‍ താരമായ എന്‍ഡോംബലയെ സ്വന്തമാക്കാനുള്ള പൊചെറ്റിനോയുടെ ആവശ്യം പിഎസ്ജി നിരാകരിച്ചത് പരിശീലകനുമായി അകന്നതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com