"ലേലത്തില്‍ ആവശ്യമുള്ളവരെ ഒന്നും വാങ്ങിയില്ല'; ഹൈദരാബാദിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹപരിശീലക സ്ഥാനം രാജിവെച്ച് സൈമണ്‍ കാറ്റിച്ച്. ഐപിഎല്‍ താര ലേലത്തിനായി തയ്യാറാക്കിയ മുന്‍ പദ്ധതികള്‍ പ്രകാരം കളിക്കാരെ സ്വന്തമാക്കാന്‍ ശ്രമിക്കാതിരുന്നതിനെ തുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഹൈദരാബാദ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഡേവിഡ് വാര്‍ണറെ ഹൈദരാബാദിലേക്ക് തിരികെ എത്തിക്കണം എന്ന നിര്‍ദേശം ടീം ഉടമകള്‍ അവഗണിച്ചതും കാറ്റിച്ചിന്റെ രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചന. ഐപിഎല്‍ താര ലേലത്തിന് പിന്നാലെ ഹൈദരാബാദ് പുറത്തിറക്കിയ വീഡിയോയില്‍ സൈമണ്‍ കാറ്റിച്ചും ഉണ്ടായിരുന്നു. 

ടോം മൂഡിയാണ് സൈമണ്‍ കാറ്റിച്ചിനെ കൊണ്ടുവന്നത്

2022ലെ ഐപിഎല്‍ സീസണില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡിയാണ് ഹൈദരാബാദിന്റെ പരിശീലകന്‍. ടോം മൂഡിയാണ് സൈമണ്‍ കാറ്റിച്ചിനെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഐപിഎല്‍ താര ലേലത്തില്‍ സ്വീകരിച്ച നടപടികളിലെ അതൃപ്തിയെ തുടര്‍ന്ന് കാറ്റിച്ച് ക്ലബ് വിടുന്നു. 

പണം വാരിയെറിഞ്ഞ ഹൈദരാബാദിന്റെ തന്ത്രത്തില്‍ അതൃപ്തി

രണ്ട് ദിവസമായി നടന്ന താര ലേലത്തില്‍ വന്‍ വില കൊടുത്ത് പല കളിക്കാരേയും ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. 10.75 കോടിക്കാണ് നിക്കോളാസ് പൂരനെ ടീമിലെടുത്തത്. വാഷിങ്ടണ്‍ സുന്ദറിനെ വാങ്ങിയത് 8.75 കോടി രൂപയ്ക്കും. 8.50 കോടി രൂപയ്ക്കാണ് രാഹുല്‍ ത്രിപദി ഹൈദരാബാദിലെത്തിയത്. 

ഇടംകയ്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മയ്ക്ക് 6.75 കോടി രൂപ ലഭിച്ചതും, കഴിഞ്ഞ സീസണില്‍ മോശം ഫോമില്‍ കളിച്ചിട്ടും നിക്കോളാസ് പൂരന് 10 കോടി രൂപ വില വന്നതും താര ലേലത്തിന് പിന്നാലെ ചര്‍ച്ചയായിരുന്നു. ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവ് കല്‍പ്പിക്കപ്പെടുന്ന റൊമാരിയോ ഷെഫെര്‍ഡിനെ പോലും 7.75 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. 

ടീമില്‍ നിലനിര്‍ത്തിയ കളിക്കാരുടെ തെരഞ്ഞെടുപ്പും വിവാദമായിരുന്നു

ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയ മൂന്ന് കളിക്കാരെ ചൂണ്ടിയും വിവാദം ഉയര്‍ന്നിരുന്നു. റാഷിദ് ഖാനെ അവര്‍ താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്താന്‍ തയ്യാറാവാതിരുന്നതാണ് ചോദ്യം ചെയ്യപ്പെട്ടത്. കൈമുട്ടിന് പരിക്കേറ്റ് നില്‍ക്കുന്ന കിവീസ് ക്യാപ്റ്റന്‍ വില്യംസണിനെ ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ഹൈദരാബാദിന്റെ നീക്കവും വിവാദമായിരുന്നു. പിന്നാലെ ട്രെവര്‍ ബെയ്‌ലിസ്, ബ്രാഡ് ഹാഡ്ഡിന്‍ എന്നിവര്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com