ഇഞ്ച്വറി ടൈമില്‍ 'ഷോക്ക്'- വിജയം കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; എടികെ മോഹൻ ബഗാനെതിരെ സമനില 

ഇഞ്ച്വറി ടൈമില്‍ 'ഷോക്ക്'- വിജയം കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; എടികെ മോഹൻ ബഗാനെതിരെ സമനില 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പനാജി: ഉദ്ഘാടന മത്സരത്തിലെ തോല്‍വിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം അവസാന നിമിഷം തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. ഇഞ്ച്വറി സമയത്ത് നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെ മോഹന്‍ ബഗാന്‍ 2-2ന് സമനില പിടിച്ചു.

ഏഴ്, 64 മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്‌സ് വല ചലിപ്പിച്ചത്. അഡ്രിയാന്‍ ലൂണ കൊമ്പന്‍മാര്‍ക്കായി ഇരട്ട ഗോളുകള്‍ നേടി. ഏഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയപ്പോള്‍ എട്ടാം മിനിറ്റില്‍ തന്നെ ഡേവിഡ് വില്ല്യംസിലൂടെ എടികെ സമനില പിടിച്ചു. അവസാന നിമിഷത്തില്‍ തോല്‍വിയില്‍ നിന്ന് കരകയറ്റി എടികെയ്ക്ക് ജോണി കൗകോയാണ് സമനില സമ്മാനിച്ചത്.  

ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഡ് എടുത്തു. ഫ്രീ കിക്ക് മനോഹരമായി വലയിലേക്കിട്ടാണ് ലൂണ ഗോള്‍ കണ്ടെത്തിയത്. ഈ ഗോള്‍ അധികം സമയം ആഘോഷിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായില്ല. വലതു വിങ്ങിലൂടെ വന്ന അറ്റാക്കില്‍ പ്രിതം കൊടാല്‍ നല്‍കിയ ക്രോസ് അനായാസം ഡേവിഡ് വില്ല്യംസ് വലയില്‍ എത്തിച്ച് എടികെയെ ഒപ്പമെത്തിച്ചു. പിന്നീട് കേരള ബ്ലാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഒരു പോലെ ആക്രമിച്ചു കളിച്ചു. 

രണ്ടാം പകുതിയിലും കേരള ബ്ലാസ്‌റ്റേഴ്‌സ് അറ്റാക്കുകള്‍ തുടര്‍ന്നു. 64ാം മിനിറ്റില്‍ ലൂണ അസാധ്യം എന്ന് തോന്നിയ ആങ്കിളിലൂടെയാണ് ഗോള്‍ നേടിയത്. ഈ ഗോളിന് ശേഷം മികച്ച ഡിഫന്‍സീഫ് പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. 

മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നതോടെ നാടകീയ രംഗങ്ങളും മൈതാനത്തു കണ്ടു. 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി ടൈമിലേക്ക് മത്സരം നീണ്ടപ്പോള്‍ എടികെ താരം പ്രബിര്‍ ദാസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയിട്ടും പിന്നാലെ എടികെയുടെ സമനില ഗോള്‍ വന്നു. സമനില വഴങ്ങിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ജെ ഡയസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

ഈ സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ബഗാന് 30 പോയിന്റ് ആണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com