'ഞങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഗ്രൗണ്ട് വേണം'- ഗുവാഹത്തിയില്‍ പ്രതിഷേധവുമായി താരങ്ങള്‍ തെരുവില്‍

'ഞങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഗ്രൗണ്ട് വേണം'- ഗുവാഹത്തിയില്‍ പ്രതിഷേധവുമായി താരങ്ങള്‍ തെരുവില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗുവാഹത്തി: ഐഎസ്എല്‍ അടക്കം ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിനായി എന്തൊക്കെ ചെയ്താലും ചിലയിടങ്ങളില്‍ താരങ്ങളടക്കം നേരിടുന്നത് വലിയ അവഗണനകളാണ്. അതിന്റെ ഉത്തമ ഉദാഹരമാണ് അസമിലെ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം അസമിലെ ഏറ്റവും വലിയ നഗരമായ ഗുവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്ത ഒരു പ്രതിഷേധ സമരം അരങ്ങേറി. തങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഗ്രൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടാണ് നിരവധി താരങ്ങളും കുട്ടികളടക്കമുള്ളവരും രംഗത്തെത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ ബൈച്ചുങ് ബൂട്ടിയയും രംഗത്തെത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് അഞ്ഞൂറോളം പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. നിലവില്‍ ഒരു മൈതാനവും ഫുട്ബോള്‍ കളിക്കാന്‍ ഗുവാഹത്തിയില്‍ ഇല്ല എന്നതിനാല്‍ ടൂര്‍ണമെന്റുകള്‍ നടത്താനോ പരിശീലനത്തില്‍ ഏര്‍പ്പെടാനോ താരങ്ങള്‍ക്ക് ആവുന്നില്ല എന്നാണ് അസം ഫുട്ബോള്‍ താരങ്ങളുടെ സംഘടന പറയുന്നത്. 

ഗുവാഹത്തിയിലെ നെഹ്‌റു സ്റ്റേഡിയം, ജഡ്ജസ് സ്റ്റേഡിയം എന്നിവ ഫുട്ബോള്‍ കളിക്കാന്‍ തുറന്നു നല്‍കണം എന്നാണ് താരങ്ങളുടെ ആവശ്യം. ഫുട്ബോള്‍ അസോസിയേഷനു ഒരൊറ്റ മൈതാനം പോലും ഇല്ല എന്നതിനാല്‍ ഈ മൈതാനങ്ങള്‍ ആയിരുന്നു താരങ്ങള്‍ ഫുട്‌ബോള്‍ കളിക്കാനായി ഉപയോഗിച്ചിരുന്നത്. നേരത്തെ ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവ ഒരുമിച്ച് നടന്നിരുന്ന ഈ മൈതാനങ്ങളില്‍ രണ്ടു മാസമായി ഫുട്ബോള്‍ കളിക്കാന്‍ അനുവദിക്കുന്നില്ല.

നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റിനു മാത്രമായി മാറ്റുന്ന സമയത്ത് ഒരു ഫുട്ബോള്‍ മൈതാനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എല്ലാ മൈതാനങ്ങളും ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ആക്കുന്നതില്‍ പല കോണില്‍ നിന്നു വിമര്‍ശങ്ങള്‍ വരുന്നുണ്ട്. 

വിഷയം തന്നെ വേദനിപ്പിക്കുന്നു എന്നു പറഞ്ഞ ബൂട്ടിയ താരങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം എന്നും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഫുട്ബോളിന്റെ ഏറ്റവും വലിയ ശക്തിയായ നോര്‍ത്ത്ഈസ്റ്റില്‍ ഫുട്ബോള്‍ നേരിടുന്ന ഈ അവഗണന ഇന്ത്യന്‍ ഫുട്ബോളിന് തന്നെ വലിയ തിരിച്ചടി നല്‍കുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. 

രജിസ്റ്റര്‍ ചെയ്ത 2016 ഫുട്ബോള്‍ താരങ്ങളും, 152 പരിശീലകരും, 955 റഫറിമാരും, 53 ക്ലബുകളും ഉള്ള സംസ്ഥാനമാണ് അസം. പക്ഷെ വെറും 10 ഫുട്ബോള്‍ മൈതാനങ്ങള്‍ മാത്രമേ ഇവിടെ ഉള്ളു എന്നതാണ് യാഥാര്‍ഥ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com