ക്യാച്ച് കൈവിട്ടു; സഹ താരത്തിന്റെ മുഖത്തടിച്ച് പാക് താരം ഹാരിസ് റൗഫ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 12:18 PM  |  

Last Updated: 22nd February 2022 12:18 PM  |   A+A-   |  

psl

വീഡിയോ ദൃശ്യം

 

ലാഹോർ: മത്സരത്തിനിടെ ക്യാച്ച് കൈവിട്ട സഹ താരത്തിന്റെ മുഖത്തടിച്ച് പാകിസ്ഥാൻ താരം ഹാരിസ് റൗഫ്. പാകിസ്ഥാൻ സൂപ്പർ ലീ​ഗിലാണ് സംഭവം. ലാഹോർ ക്വാലൻഡേഴ്സ് താരമായ ഹാരിസ് സ്വന്തം ടീമിലെ അം​ഗമായ കമ്രാൻ ​ഗുലാമിന്റെ മുഖത്താണ് അടിച്ചത്. പെഷവാർ സാൽമിക്കെതിരായ പോരാട്ടത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

മറ്റു താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് ഹാരിസ് കമ്രാന്റെ മുഖത്തടിച്ചത്. അതേ ഓവറിൽ ക്യാച്ച് കൈവിട്ടതിന്റെ ദേഷ്യത്തിലാണ് ഗുലാമിന്റെ മുഖത്ത് റൗഫ് അടിച്ചത്. 

മത്സരത്തിൽ ടോസ് നേടിയ പെഷവാർ സാൽമി ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ലഹോറിനായി രണ്ടാം ഓവർ ബൗൾ ചെയ്തത് ഹാരിസ് റൗഫ്. ഈ ഓവറിലെ രണ്ടാം പന്തിൽ പെഷവാറിന്റെ അഫ്ഗാൻ താരം ഹസ്രത്തുല്ല സസായ് നൽകിയ ക്യാച്ച് അവസരം കമ്രാൻ ഗുലാം പാഴാക്കി.

പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തിൽ സസായിക്കൊപ്പം ക്രീസിലുണ്ടായിരുന്ന മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി. റൗഫിനെതിരെ സിക്സർ നേടാനുള്ള ശ്രമത്തിൽ ബൗണ്ടറിക്കരികെ ഫവാദ് മുഹമ്മദിന് ക്യാച്ച് സമ്മാനിച്ചാണ് ഹാരിസ് പുറത്തായത്. ഈ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് റൗഫ് ഗുലാമിന്റെ മുഖത്തടിച്ചത്. 

വിക്കറ്റ് നേട്ടം ആഘോഷിക്കാനായി റൗഫിന് സമീപത്തേക്ക് ഓടിയെത്തിയ ഗുലാമിന്റെ കൈകളിൽ തട്ടി റൗഫ് ആഹ്ലാദം പ്രകടിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ മുഖത്തടിക്കുകയായിരുന്നു. റൗഫിന്റെ പ്രതികരണത്തോട് പുഞ്ചിരിയോടെ പ്രതികരിച്ച ഗുലാം തുടർന്നും സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ പ്രകടനം തുടരുന്നു കാണാം. റൗഫ് ആകട്ടെ കുപിതനായാണ് കാണപ്പെട്ടത്. സഹതാരത്തെ അടിച്ച റൗഫിനെതിരെ വിമർശനവുമായി നിരവധി ആരാധകരാണ് രം​ഗത്തെത്തിയത്.