ഭുവനേശ്വർ: ദേശീയ വോളിബോൾ കിരീടം തുടർച്ചയായി നാലാം വട്ടവും സ്വന്തമാക്കിയതിന് പിന്നാലെ കേരള വനിതകൾക്ക് മറ്റൊരു കിരീട നേട്ടം കൂടി. ഫെഡറേഷൻ കപ്പ് വോളി കിരീടത്തിലാണ് കേരള വനിതകൾ മുത്തമിട്ടത്. ദേശീയ വോളിയിൽ റെയിൽവേസിനെ കീഴടക്കിയ വനിതകൾ അതേ എതിരാളികളെ തന്നെ ഫെഡറേഷൻ കപ്പ് പോരാട്ടത്തിലും മലർത്തിയടിച്ചു. ഫെഡറേഷൻ കപ്പിൽ ഹാട്രിക്ക് കിരീടമാണ് കേരളം സ്വന്തമാക്കിയത്.
റൗണ്ട് റോബിൻ ലീഗിലെ അവസാന കളിയിൽ 25-19, 25-19, 25-16 എന്ന സ്‌കോറിനാണ് കേരളം റെയിൽവേയെ വീഴ്ത്തിയത്. ദേശീയ വോളിയിൽ പുറത്തെടുത്ത മിന്നും ഫോം കേരള വനിതകൾ ഫെഡറേഷൻ കപ്പിലും ആവർത്തിക്കുകയായിരുന്നു. ഇതോടെ സീസണിൽ ടീമിന് ഇരട്ടക്കിരീടമായി.
കിരീടം നിർണയിച്ച മത്സരത്തിൽ ലിബറോ അശ്വതി രവീന്ദ്രൻ, അറ്റാക്കർമാരായ അനുശ്രീ, ശരണ്യ എന്നിവരുടെ തകർപ്പൻ പ്രകടനം വിജയത്തിൽ നിർണായകമായി. പതിവു പോലെ ടീം മികച്ച ഒത്തിണക്കം പുറത്തെടുത്തു.
ആദ്യ രണ്ട് സെറ്റിലും കടുത്ത പോരാട്ടം കണ്ടു. മൂന്നാം സെറ്റിൽ റെയിൽവേ തുടക്കത്തിൽ ലീഡെടുത്തെങ്കിലും പൊരുതിക്കയറിയ കേരള ടീം സെറ്റും കപ്പും സ്വന്തമാക്കി. ഒറ്റ മത്സരവും തോൽക്കാതെയാണ് കേരളം ജേതാക്കളായത്. ഹിമാചൽപ്രദേശ്, ബംഗാൾ, ഒഡിഷ ടീമുകളെയാണ് നേരത്തേ കീഴടക്കിയത്. എസ് സൂര്യയാണ് ടീമിനെ നയിച്ചത്.
കേരള ടീം: എസ് സൂര്യ, എൻഎസ് ശരണ്യ, കെഎസ് ജിനി, ജെ മേരി അനീന, എം ശ്രുതി, ആൽബിൻ തോമസ്, എംപി മായ, കെപി അനുശ്രീ, കെ അമിത, മായ തോമസ്, അശ്വതി രവീന്ദ്രൻ, മെറിൻ സാജൻ. സിഎസ് സദാനന്ദൻ (മുഖ്യ പരിശീലകൻ), പി രാധിക, പി ശിവകുമാർ (സഹപരിശീലകർ), സുനിൽ സെബാസ്റ്റ്യൻ (മാനേജർ).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates