മൂന്ന് സിക്സും ഒരു ഫോറും; ആറ് പന്തിൽ 23 റൺസ്! ആ 'അഫ്രീദി' മാത്രമല്ല ഈ 'അഫ്രീദി'യും സൂപ്പറാ... (വീഡിയോ)

മൂന്ന് സിക്സും ഒരു ഫോറും; ആറ് പന്തിൽ 23 റൺസ്! ആ അഫ്രീദിക്ക് മാത്രമല്ല ഈ അഫ്രീദിക്കും വെടിക്കെട്ട് ബാറ്റിങ് അറിയാം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലാഹോർ: തനിക്ക് ബൗളിങ് മാത്രമല്ല ബാറ്റിങും വഴങ്ങുമെന്ന് തെളിയിച്ച് പാക് ക്രിക്കറ്റിലെ പുത്തൻ സെൻസേഷേൻ ഷഹീൻ ഷാ അഫ്രീദി. പന്ത് കൊണ്ടു വിസ്മയങ്ങൾ തീർക്കുന്ന താരം പാകിസ്ഥാൻ സൂപ്പർ ലീ​ഗിലാണ് വെടിക്കെട്ട് ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 

ലാഹോർ ക്വാലൻഡേഴ്സിനായി ഇറങ്ങിയാണ് ഏറെക്കുറെ തോൽവി ഉറപ്പിച്ച മത്സരത്തിന്റെ അവസാന ഓവറിൽ ഷഹീൻ അഫ്രീദി സ്ഫോടനാത്മ ബാറ്റിങുമായി കളം നിറഞ്ഞത്. പെഷവാർ സാൽമിക്കെതിരായ പോരാട്ടത്തിന്റെ അവസാന ഓവറിൽ ഒരു സിക്സും മൂന്ന് സിക്സും സഹിതം 23 റൺസാണ് ഷഹീൻ വാരിയത്. ടീമിന്റെ ആയുസ് സൂപ്പർ ഓവറിലേക്ക് നീട്ടാനും താരത്തിന് ഈ ബാറ്റിങിലൂടെ സാധിച്ചു.  

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പെഷാവർ സാൽമി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വാലൻഡേഴ്സ് 18 ഓവർ പൂർത്തിയാകുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലായിരുന്നു. അവസാന രണ്ട് ഓവറിൽ അവർക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 30 റൺസ്. 43 പന്തിൽ 49 റൺസുമായി മുഹമ്മദ് ഹഫീസ് ക്രീസിൽ നിൽക്കുമ്പോൾ അത്ര ബുദ്ധിമുട്ടില്ലാത്ത വിജയ ലക്ഷ്യം. 

പക്ഷേ 19ാം ഓവർ എറിഞ്ഞ പെഷവാർ സാൽമി നായകൻ വഹാബ് റിയാസ് ലാഹോറിന്റെ കണക്കു കൂട്ടൽ തെറ്റിച്ചു. ആദ്യ പന്തിൽ മുഹമ്മദ് ഹഫീസിനെയും മൂന്നാം പന്തിൽ ഹാരിസ് റൗഫിനെയും പുറത്താക്കി. ആ ഓവറിൽ അഫ്രീദിക്ക് ലെഗ് ബൈ ആയി ലഭിച്ച ഒരു ഫോർ സഹിതം ലഹോറിന് നേടാനായത് ആറ് റൺസ് മാത്രം. അവസാന ഓവറിൽ ലാഹോറിന് വിജയത്തിലേക്ക് വേണ്ടത് 24 റൺസ്.

മുഹമ്മദ് ഉമർ എറിഞ്ഞ ഈ ഓവറിലാണ് ഷഹീൻ അഫ്രീദി സാക്ഷാൽ ഷാഹിദ് അഫ്രീദിയെ തന്നെ അനുസ്മരിപ്പിച്ചത്. വൈഡുമായാണ് ഉമർ ഓവർ തുടങ്ങിയത് രണ്ടാം പന്തിൽ അഫ്രീദി വക ഫോർ. മൂന്നും നാലും പന്തുകൾ നിലംതൊടാതെ ബൗണ്ടറി കടന്നു. അതിൽ രണ്ടാമത്തെ സിക്സർ ടോപ് ഓർഡർ ബാറ്റർമാരെപ്പോലും അസൂയപ്പെടുത്തുന്നത്.

അതോടെ വിജയ ലക്ഷ്യം മൂന്ന് പന്തിൽ ഏഴ് റൺസ്. സമനില വീണ്ടെടുത്ത മുഹമ്മദ് ഉമർ കിറുകൃത്യം യോർക്കറുകളുമായി തിരിച്ചുവന്നതോടെ അടുത്ത രണ്ടു പന്തിലും റണ്ണില്ല. ഇതോടെ അവസാന പന്തിൽ സൂപ്പർ ഓവറെങ്കിലും പിടിച്ചുവാങ്ങാൻ ലാഹോറിനു വേണ്ടിയിരുന്നത് ആറ് റൺസ്. സർവ കരുത്തും ആവാഹിച്ച് അഫ്രീദി ആഞ്ഞടിച്ചതോടെ ഒരിക്കൽക്കൂടി പന്ത് നിലംതൊടാതെ ബൗണ്ടറി കടന്നു. അവസാന ഓവറിൽ 23 റൺസടിച്ച അഫ്രീദിയുടെ മികവിൽ മത്സരം സൂപ്പർ ഓവറിലേക്ക് നീട്ടാൻ ലാഹോറിനായി.

സൂപ്പർ ഓവറിൽ പക്ഷേ, പെഷവാർ സാൽമി ലാഹോറിനെ നിസാരരാക്കിക്കളഞ്ഞു. ആദ്യം ബാറ്റു ചെയ്ത ലാഹോറിനെ പെഷവാർ നായകൻ വഹാബ് റിയാസ് വെറും അഞ്ച് റൺസിൽ ഒതുക്കി. ലാഹോറിനായി ഷഹീൻ അഫ്രീദി സൂപ്പർ ഓവർ എറിഞ്ഞെങ്കിലും ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി ഷൊയിബ് മാലിക്ക് പെഷവാർ സാൽമിക്ക് വിജയം സമ്മാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com