ശ്രീലങ്കയേയും ചുരുട്ടിക്കെട്ടാന്‍ ഇന്ത്യ, ഇന്ന് ആദ്യ ട്വന്റി20; സഞ്ജു സാംസണ്‍ കളിച്ചേക്കും

വിരാട് കോഹ് ലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 ഇന്ന്. വിരാട് കോഹ് ലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസയമം, ബൂമ്ര, രവീന്ദ്ര ജഡേജ എന്നീ പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലേക്ക് തിരികെ എത്തിയിട്ടുമുണ്ട്. 

മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. സൂര്യകുമാര്‍ യാദവിന് പരിക്കേറ്റ് പരമ്പര നഷ്ടമായതോടെ സഞ്ജുവിന് മുന്‍പിലുള്ള വഴികള്‍ തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 

ലങ്കന്‍ പര്യടനത്തിലെ മൂന്ന് ട്വന്റി20കളില്‍ 27,7,0 എന്നതായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ആദ്യ ട്വന്റി20ക്ക് മുന്‍പ് സഞ്ജുവിനെ ക്യാപ്റ്റന്‍ രോഹിത് പ്രശംസയില്‍ മൂടുകയും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് പരിഗണിക്കും എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് കഴിയണം. 

ഇഷാന്‍ കിഷനോ ഋതുരാജോ?

ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര് ഇറങ്ങും എന്ന ചോദ്യം ഉയരുന്നുണ്ട്. ഇഷാന്‍ കിഷന് വീണ്ടും അവസരം നല്‍കുമോ അതോ ഋതുരാജിനെ കളിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇറക്കിയാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.

പ്ലേയിങ് ഇലവനിലേക്ക് എത്തിയാല്‍ മൂന്നാമതാവും സഞ്ജു ബാറ്റ് ചെയ്യുക. സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കില്‍ മൂന്നാം സ്ഥാനം ശ്രേയസ് അയ്യരുടെ കൈകളിലേക്ക് എത്തും. ദീപക് ഹൂഡയാണ് സഞ്ജുവിനൊപ്പം പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു താരം. ബൗള്‍ ചെയ്യാനാകുന്നു എന്നത് ദീപക് ഹൂഡയുടെ സാധ്യത വര്‍ധിപ്പിക്കും. ഋതുരാജിനെയോ കിഷനേയോ മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിനും ഹൂഡയ്ക്കും ഒരുമിച്ച് ഇലവനിലേക്ക് എത്താം.

ഇന്ത്യയുടെ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ചഹല്‍, ബൂമ്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com