കുഞ്ഞ് മരിച്ചിട്ട് ദിവസങ്ങൾ മാത്രം; സെഞ്ച്വറി നേടി അച്ഛന്റെ ശ്രദ്ധാഞ്ജലി! വിഷ്ണു സോളങ്കിയാണ് 'ഹീറോ'

കുഞ്ഞ് മരിച്ചിട്ട് ദിവസങ്ങൾ മാത്രം; സെഞ്ച്വറി നേടി അച്ഛന്റെ ശ്രദ്ധാഞ്ജലി! വിഷ്ണു സോളങ്കിയാണ് 'ഹീറോ'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഭുവനേശ്വർ: കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ മരണം ഏൽപ്പിച്ച ആഘാതവും വിഷ്ണു സോളങ്കിയെന്ന ബറോഡ ബാറ്ററെ തളർത്തിയില്ല. മകൾ മരിച്ച് ദിവസങ്ങൾക്കുള്ളിൽ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ വിഷ്ണു സോളങ്കിയെന്ന അച്ഛൻ സെഞ്ച്വറി നേടി തന്റെ കുഞ്ഞിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പിറന്നു വീണതിനു പിന്നാലെ മരണത്തിനു കീഴടങ്ങിയ പിഞ്ചുമകളുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ കളത്തിൽ തിരിച്ചെത്തിയ വിഷ്ണു സോളങ്കി ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ശതകം കുറിച്ചത്. 

ചണ്ഡീഗഢിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ ബറോഡയ്ക്കായി, അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനെത്തിയാണ് സോളങ്കി ശതകം നേടിയത്. 165 പന്തുകൾ നേരിട്ട സോളങ്കി 12 ഫോറുകളോടെ അകമ്പടിയോടെ നേടിയത് 104 റൺസ്. സോളങ്കിയുടെ സെഞ്ച്വറിക്കരുത്തിൽ 132.2 ഓവറിൽ 517 റൺസെടുത്ത ബറോഡ, 349 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡും നേടി.

ചണ്ഡീഗഢിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ മരണ വാർത്ത വിഷ്ണു സോളങ്കിയെ തേടിയെത്തിയത്. ഇതോടെ വഡോദരയിലേക്ക് തിരിച്ചുപോയ സോളങ്കി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാൻ അദ്ദേഹം ഭുവനേശ്വറിലേക്കു തിരിച്ചെത്തുകയായിരുന്നു.

വിഷ്ണു സോളങ്കിയുടെ അസാമാന്യ മനക്കരുത്തിനെക്കുറിച്ച് സൗരാഷ്ട്ര താരം ഷെൽഡൺ ജാക്സൻ ട്വീറ്റ് ചെയ്തു. ‘എന്തൊരു താരമാണ് ഇയാൾ! എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കാഠിന്യമുള്ള കളിക്കാരൻ. വിഷ്ണുവിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്. ഒരു തരത്തിലും ഇതത്ര അനായാസമല്ല എന്നറിയാം. കൂടുതൽ സെഞ്ച്വറികളും വിജയങ്ങളും നേടട്ടെ എന്ന് ആശംസിക്കുന്നു’ – ജാക്സൺ കുറിച്ചു.

‘ഇത് ഏതാനും ദിവസങ്ങൾക്കു മുൻപ് പിറന്ന മകളെ നഷ്ടപ്പെട്ടൊരു ക്രിക്കറ്റ് താരത്തിന്റെ കഥയാണ്. മകളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തി ടീമിനായി സെഞ്ച്വറി നേടുന്നു. അദ്ദേഹത്തിന്റെ പേര് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ‘ലൈക്കു’കൾ വാരിക്കൂട്ടില്ലായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് വിഷ്ണു സോളങ്കിയാണ് യഥാർഥ ജീവിതത്തിലെ ഹീറോ. വലിയൊരു പ്രചോദനവും’ – ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡി ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ നിരവധി പേരാണ് താരത്തെ പ്രകീർത്തിച്ച് രം​ഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com