'7 വര്‍ഷം മുന്‍പാണ് അരങ്ങേറിയത്, ഇന്ന് രാജ്യത്തിന്റെ ജയത്തിന് സംഭാവന നല്‍കാനായി'; സഞ്ജു സാംസണ്‍ പറയുന്നു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങോടെ നിറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണ്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ബാറ്റിങ്ങോടെ നിറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണ്‍. ഇന്നാണ് എന്റെ രാജ്യത്തിന് വിജയത്തിലേക്ക് എത്തിക്കാന്‍ കാരണമായ ഒരു ഇന്നിങ്‌സ് കളിക്കാനായത് എന്ന് സഞ്ജു പറഞ്ഞു. 

എനിക്ക് ഇത് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഏഴ് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട്. ഇന്നാണ് എന്റെ രാജ്യത്തെ ജയത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു ഫലപ്രദമായ ഇന്നിങ്‌സ് കളിക്കാന്‍ എനിക്ക് സാധിച്ചത്. അതില്‍ ഏറെ സന്തോഷമുണ്ട്, മത്സരത്തിന് ശേഷം സഞ്ജു പ്രതികരിച്ചു. 

ശ്രേയസ് അയ്യറിനൊപ്പമുള്ള കൂട്ടുകെട്ട് താളം വീണ്ടെടുക്കാന്‍ എന്നെ സഹായിച്ചു. ആരാണ് നന്നായി കളിക്കുന്നത്, ആര്‍ക്കാണ് സമയം വേണ്ടത് എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കാരണം ഞങ്ങള്‍ അത്രയും ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു. ആദ്യ 10-12 പന്തില്‍ താളം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. 

ഞാന്‍ കളിച്ചിട്ട് ഒരുപാടായി. ബബിളിലായിരുന്നു. ക്വാറന്റൈന്‍ കഴിഞ്ഞു. അതാണ് താളം കണ്ടെത്താന്‍ കൂടുതല്‍ സമയം എനിക്ക് എടുക്കേണ്ടി വന്നത്. ഒരു ബൗണ്ടറി നേടിക്കഴിഞ്ഞപ്പോള്‍ താളം തിരികെ കിട്ടിയതായി തോന്നി. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. ഫീല്‍ഡ് ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴും വളരെ തണുപ്പാണ്. എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ഇതൊന്നും ഞാന്‍ അറിഞ്ഞില്ല എന്നും സഞ്ജു പറയുന്നു. 

തുടരെ സിക്‌സ് പറത്തി സഞ്ജു

പതിയെ ആണ് സഞ്ജു തുടങ്ങിയത്. സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറി കളിക്കാന്‍ സഞ്ജു ശ്രമിച്ചു. ലോങ് ഓണില്‍ ഷനക ക്യാച്ച് നഷ്ടപ്പെടുത്തിയത് സഞ്ജുവിന്റെ ആയുസ് നീട്ടി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ തുടരെ സിക്‌സ് പറത്തി സഞ്ജു ആരാധകരെ ത്രില്ലടിപ്പിച്ചു. അതുവരെ പഴി കേട്ടുനിന്ന ശ്രീലങ്കന്‍ ഫീല്‍ഡിങ് നിരയെ പോലും അമ്പരപ്പിച്ച് സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടയുടെ ക്യാച്ചില്‍ സഞ്ജു മടങ്ങി. 25 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 156 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഇന്നിങ്‌സ് അവസാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com